സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ചരിത്രത്തിലേക്ക് നടന്നുകയറി ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ. സണ്‍റൈസേഴ്‌സിന്റെ വാഷിംഗ്ടണ്‍ സുന്ദറിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ ചരിത്രത്തിന്റെ ഭാഗമായത്.
ടി-20യില്‍ 250 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഏഴ് പന്തില്‍ നിന്നും ഒമ്പത് റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിനെ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു ബുംറ നേട്ടത്തിനുടമയായത്.
ഐ.പി.എല്‍ 2022ലെ തന്റെ 12ാം വിക്കറ്റായിരുന്നു താരത്തെ റെക്കോഡിനുടമയാക്കിയത്. 2022ല്‍ 13 ഇന്നിംഗ്‌സില്‍ നിന്നും 49.2 ഓവറെറിഞ്ഞ്, 358 റണ്‍സ് വഴങ്ങിയാണ് താരം 12 വിക്കറ്റ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് നേട്ടം സീസണില്‍ ഒരിക്കല്‍ സ്വന്തമാക്കിയ ബുംറ 7.25 എക്കോണമിയിലാണ് പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്.
ബുംറ എറിഞ്ഞു വീഴ്ത്തിയ 250ല്‍ 142 വിക്കറ്റുകളും പിറന്നത് ഐ.പി.എല്ലില്‍ നിന്നുതന്നെയാണ്. 2013ല്‍ അരങ്ങേറിയതിന് പിന്നാലെ ഐ.പി.എല്ലിലെ എല്ലാ സീസണിലും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
2013ല്‍ ആരംഭിച്ച വിക്കറ്റ് വേട്ട താരം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2020ലായിരുന്നു ഐ.പി.എല്‍ ബുംറയുടെ വിശ്വരൂപം കണ്ടത്. 60 ഓവര്‍ എറിഞ്ഞ് കേവലം 404 റണ്‍സ് മാത്രം വിട്ടുനല്‍കിക്കൊണ്ട് 27 വിക്കറ്റായിരുന്നു താരം പിഴുതെടുത്തത്. 6.73 ആയിരുന്നു 2020ല്‍ താരത്തിന്റെ എക്കോണമി.
250ാം വിക്കറ്റ് മാത്രമല്ല, മറ്റ് താരത്തിന്റെ മറ്റ് മികച്ച പ്രകടനങ്ങളും ഈ സീസണിലാണ് പിറന്നത്. ഐ.പി.എല്ലില്‍ ഇതുവരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനാവാതിരുന്ന താരം ഈ സീസണിലാണ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ നാല് ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടു നല്‍കിയായിരുന്നു താരം 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ബുംറയുടെ ഐ.പി.എല്ലിലെ ബെസ്റ്റ് ബൗളിംഗ് ഫിഗറും ഇതുതന്നെയാണ്.
2013 മുതല്‍ 2022 വരെയുള്ള കാലയളവിലെ 119 ഐ.പി.എല്‍ മത്സരത്തില്‍ നിന്നുമാണ് തന്റെ നേട്ടത്തിന്റെ സിംഹഭാഗവും ബുംറ സ്വന്തമാക്കിയത്.
119 മത്സരത്തില്‍ നിന്നും 553 ഓവര്‍ എറിഞ്ഞ ബുംറ, 23.55 ആവറേജില്‍ 3,321 റണ്‍സ് വഴങ്ങിയാണ് 142 വിക്കറ്റ് സ്വന്തമാക്കിയത്.
സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. പ്ലേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ഒരിക്കല്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഐ.പി.എല്ലിലെ അവസാന മത്സരം വീരോചിതമായി തന്നെ ജയിച്ച് തലയുയര്‍ത്തി മടങ്ങാനാവും ബുംറയും മുംബൈയും ഒരുങ്ങുന്നത്.