ലോകകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ബാറ്റിങ് തകര്‍ച്ച. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ലങ്ക സമ്മര്‍ദത്തിലേക്ക് കൂപ്പുകുത്തിയത്.
ആദ്യ ആറ് ഓവറില്‍ ഒമ്പത് റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജാണ് ശേഷിക്കുന്ന മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്.
ലങ്കന്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെയാണ് ബുംറ വിക്കറ്റ് നേടിയത്. സൂപ്പര്‍ താരം പാതും നിസംഗയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ബുംറ പുറത്താക്കിയത്.
ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലാണ് ജസ്പ്രീത് ബുംറ തന്റെ പേരെഴുതിച്ചേര്‍ത്തത്. ഒരു ലോകകപ്പ് മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ബുംറ നേടിയത്.
ആദ്യ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയത്. ലോകകപ്പില്‍ ബുംറയുടെ 15ാം വിക്കറ്റ് നേട്ടമാണിത്.
തന്റെ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ ബുംറ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും അതാവര്‍ത്തിച്ചു. ലങ്കന്‍ ഇന്നിങ്‌സിലെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സൂപ്പര്‍ താരം ദിമുത് കരുണരത്‌നയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് സിറാജ് മടക്കിയത്.
ആ ഓവരിലെ അഞ്ചാം പന്തില്‍ സിറാജ് വീണ്ടും ലങ്കയെ കരയിച്ചു. ഇത്തവണ സധീര സമരവിക്രമയുടെ വിക്കറ്റാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ സ്വന്തമാക്കിയത്. മൂന്നാം സ്ലിപ്പില്‍ ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയാണ് സമരവിക്രമ മടങ്ങിയത്.
ഡബിള്‍ വിക്കറ്റ് മെയ്ഡനുമായി ലങ്കയെ കരയിച്ച സിറാജ് തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് നേടി. ഇത്തവണ കുശാല്‍ മെന്‍ഡിസിനെയാണ് സിറാജ് പുറത്താക്കിയത്. പത്ത് പന്തില്‍ ഒറ്റ റണ്‍സ് നേടി നില്‍ക്കവെ സിറാജിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടാണ് മെന്‍ഡിസ് പുറത്തായത്.
അതേസമയം, നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 12 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക. 14 പന്തില്‍ ആറ് റണ്‍സുമായി ഏയ്ഞ്ചലോ മാത്യൂസും 18 പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ചരിത് അസലങ്കയുമാണ് ക്രീസില്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 92 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‌ലി 94 പന്തില്‍ 88 റണ്‍സും അയ്യര്‍ 56 പന്തില്‍ 82 റണ്‍സും നേടി പുറത്തായി.
ലങ്കക്കായി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദുഷ്മന്ത ചമീര ഒരു വിക്കറ്റും നേടി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും റണ്‍ ഔട്ടായാണ് പുറത്തായത്.
Content highlight: Jasprit Bumrah becomes the first bowler to take wicket in the first ball of world cup innings