| Monday, 21st August 2023, 10:06 pm

ഉഗാണ്ടക്കാരാ... നിന്റെ റെക്കോഡ് തകര്‍ക്കാന്‍ ബുംറ ഇതാ വരുന്നെടാ...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ദി വില്ലേജില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിനാണ് ഇന്ത്യ രണ്ടാം ടി-20 പിടിച്ചെടുത്തത്. ആദ്യ മത്സരത്തില്‍ മഴ നിയമപ്രകാരം രണ്ട് റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ചതോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കരിയര്‍ പോലും അവസാനിച്ചേക്കാവുന്ന പരിക്കില്‍ നിന്നും മടങ്ങിയെത്തിയ ആദ്യ പരമ്പരയില്‍ തന്നെ താരം ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ കാക്കുകയാണ്. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം മത്സരത്തിലും രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ആദ്യ മത്സരത്തേക്കാള്‍ മികച്ച രീതിയിലാണ് ബുംറ രണ്ടാം മത്സരത്തില്‍ പന്തെറിഞ്ഞത്. നാല് ഓവര്‍ പന്തെറിഞ്ഞ് ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ബുംറ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. 3.75 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ഈ പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ രണ്ടാമത് താരം എന്ന റെക്കോഡാണ് ബുംറയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം രണ്ടാം സ്ഥാനത്താണ് ബുംറ ഇപ്പോള്‍.

പത്ത് മെയ്ഡന്‍ ഓവറുകളാണ് ഇരുവരുടെയും പേരിലുള്ളത്. ഇന്ത്യന്‍ പേസ് സ്പിയര്‍ ഹെഡ്ഡുകള്‍ക്ക് പുറമെ പത്ത് മെയ്ഡനുമായി ജര്‍മന്‍ താരം ഗുലാം അഹമ്മദിയും രണ്ടാം സ്ഥാനത്തുണ്ട്.

ഉഗാണ്ടന്‍ താരം ഫ്രാങ്ക് എന്‍സുബുഗയാണ് പട്ടികയിലെ ഒന്നാമന്‍. 15 മെയ്ഡന്‍ ഓവറുകളാണ് അദ്ദേഹം അന്താരാഷ്ട്ര ടി-20യില്‍ എറിഞ്ഞിട്ടുള്ളത്. കരിയറില്‍ എറിഞ്ഞ 171.5 ഓവറില്‍ 15 എണ്ണവും മെയ്ഡനാക്കിയാണ് എന്‍സുബുഗ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ടി-20യില്‍ ഏറ്റവുമധികം മെയ്ഡന്‍ എറിഞ്ഞ താരങ്ങള്‍

(താരം – രാജ്യം – ആകെ എറിഞ്ഞ ഓവര്‍ – എറിഞ്ഞ മെയ്ഡന്‍ ഓവര്‍ എന്നീ ക്രമത്തില്‍)

ഫ്രാങ്ക് എന്‍സുബുഗ – ഉഗാണ്ട – 171.5 – 15

ഗുലാം അഹമ്മദി – ജര്‍മനി – 153.0 – 10

ജസ്പ്രീത് ബുംറ – ഇന്ത്യ – 221.5 – 10

ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 298.3 – 10

അംജദ് ഷേര്‍ – ഫിന്‍ലന്‍ഡ് – 93.0 – 6

ബിലാല്‍ ഖാന്‍ – ഒമാന്‍ – 187.1 – 6

ഹെന്റി സെന്യോദോ – ഉഗാണ്ട – 180.4 – 6

മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 302.4 6

നുവാന്‍ കുലശേഖര – ശ്രീലങ്ക – 205.1 – 6

സാദ് ബിന്‍ സഫര്‍ – കാനഡ – 102.0 – 6

സഞ്ജയ്കുമാര്‍ താക്കൂര്‍ – ടാന്‍സാനിയ – 109.0 – 6

വ്രജ് പട്ടേല്‍ – കെനിയ – 112.0 – 6

അതേസമയം, ഓഗസ്റ്റ് 23നാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ഡെഡ് റബ്ബര്‍ മത്സരം. അവസാന മത്സരവും വിജയിച്ച് പരമ്പര ക്ലാന്‍ സ്വീപ് ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാനുള്ള വിജയമാണ് അയര്‍ലന്‍ഡ് ലക്ഷ്യമിടുന്നത്.

Content Highlight: Jasprit Bumrah becomes second player to bowl most maidens in T20Is

We use cookies to give you the best possible experience. Learn more