| Friday, 18th August 2023, 3:29 pm

അയര്‍ലാന്‍ഡിനോട് തോറ്റാലും ജയിച്ചാലും ഇന്ത്യ നടന്നുകയറുന്നത് ചരിത്രത്തിലേക്ക്; ആ പതിനൊന്നില്‍ ഇവന്‍ ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിന്‍ഡീസ് പര്യടനത്തിന് പിന്നാലെ അയര്‍ലന്‍ഡ് പര്യടനത്തിനാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്. മൂന്ന് ടി-20കളടങ്ങിയ പരമ്പരക്കായാണ് ഇന്ത്യ ഐറിഷ് മണ്ണിലേക്ക് പറക്കുന്നത്. വിന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ തോല്‍വി മറക്കാന്‍ കൂടിയാകും ഇന്ത്യ ഒരുങ്ങുന്നത്.

പരിക്കില്‍ നിന്നും മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. റിങ്കു സിങ് അടക്കമുള്ള യുവതാരങ്ങള്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്.

ഇതല്ലാതെ മറ്റൊരു പ്രത്യേകതയും ഈ പരമ്പരക്കുണ്ട്. ഇന്ത്യന്‍ ടി-20 ചരിത്രത്തില്‍ ആദ്യമായി ഒരു ബൗളര്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നു എന്ന പ്രത്യേകതയാണിത്. ടി-20യില്‍ ഇന്ത്യയുടെ 11ാം ക്യാപ്റ്റനാണ് ജസ്പ്രീത് ബുംറ.

ബാറ്റര്‍മാരും ഓള്‍ റൗണ്ടര്‍മാരും വിക്കറ്റ് കീപ്പര്‍മാരും ഇന്ത്യയുടെ നായകസ്ഥാനം പലകുറി ഏറ്റെടുത്തെങ്കിലും ഒരു ബൗളര്‍ക്ക് ഇന്ത്യയെ നയിക്കാനുള്ള സാഹചര്യം ഇനിയും ലഭിച്ചിരുന്നില്ല.

വിരേന്ദര്‍ സേവാഗ്, എം.എസ്. ധോണി, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവരാണ് ഇതിന് മുമ്പ് കുട്ടിക്രിക്കറ്റില്‍ ഇന്ത്യയുടെ നായകസ്ഥാനത്തുണ്ടായിരുന്നത്.

നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റില്‍ നായകസ്ഥാനമേറ്റെടുത്തും ബുംറ ചരിത്രം സൃഷ്ടിച്ചിരുന്നു. കപിലിന് ശേഷം ആദ്യമായിട്ടായിട്ടായിരുന്നു ഒരു ഫാസ്റ്റ് ബൗളര്‍ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നായകസ്ഥാനമേറ്റെടുത്തത്.

വെള്ളിയാഴ്ചയാണ് ഇന്ത്യ – അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരം. ദി വില്ലേജില്‍ ഇന്ത്യന്‍ സമയം 7.30നാണ് മത്സരം അരങ്ങേറുന്നത്.

അയര്‍ലന്‍ഡ് സ്‌ക്വാഡ്

ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ഹാരി ടെക്ടര്‍, പോള്‍ സ്‌റ്റെര്‍ലിങ് (ക്യാപ്റ്റന്‍), റോസ് അഡയര്‍, കര്‍ട്ടിസ് കാംഫര്‍, ഗാരത് ഡിലാനി, ജോര്‍ജ് ഡോക്രെല്‍, ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ഫിയോണ്‍ ഹാന്‍ഡ്, ജോഷ്വ ലിറ്റില്‍, മാര്‍ക് അഡയര്‍, തിയോ വാന്‍ വോര്‍കോം.

ഇന്ത്യ സ്‌ക്വാഡ്

റിങ്കു സിങ്, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, യശസ്വി ജെയ്‌സ്വാള്‍, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ്.

Content Highlight:  Jasprit Bumrah became the first bowler to captain India in T20

Latest Stories

We use cookies to give you the best possible experience. Learn more