ജസ്പ്രീത് ബുംറയെന്ന ഇന്ത്യന്‍ പേസ് ബൗളര്‍ ഓരോ മത്സരം കഴിയുമ്പോഴും അതിശയിപ്പിക്കുകയാണ്. ഒരുപക്ഷെ അനില്‍ കുംബ്ലെയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ ബൗളര്‍ ഈ തരത്തില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതും ആദ്യമാകും.
വെറും 12 ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ബുംറ ഇതുവരെ സ്വന്തമാക്കിയത് 62 വിക്കറ്റാണ്.
വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ 13 വിക്കറ്റാണ് ബുംറ പിഴുതത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, വിന്‍ഡീസ് എന്നിവിടങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളര്‍ എന്ന റെക്കോഡും ബുംറ സ്വന്തമാക്കിയിരുന്നു.
2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് കഴിയുമ്പോള്‍ ബുംറയുടെ സ്ഥാനം 85-ാം റാങ്കിലായിരുന്നു. 12 ടെസ്റ്റുകള്‍ കഴിയുമ്പോള്‍ നിലവിലെ ടെസ്റ്റ് ബൗളര്‍മാരില്‍ മൂന്നാമതാണ് ബുംറ.
ടെസ്റ്റിലെ ബുംറയുടെ ഇതുവരെയുള്ള പ്രകടനം പരിശോധിക്കാം
ഇന്ത്യ-ദക്ഷിണാഫ്രിക്ക
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെയാണ് ബുംറ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടത്. ഐ.പി.എല്ലിലെ പ്രകടനം ലോംഗ് ഫോര്‍മാറ്റില്‍ തുണയ്ക്കില്ലെന്ന പരിഹാസത്തിന് മറുപടിയായി ആ പര്യടനത്തില്‍ മൂന്ന് ടെസ്റ്റില്‍ 14 വിക്കറ്റായിരുന്നു ബുംറ നേടിയത്. ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റ് നേടിയതോടെ ബുംറ റാങ്കിംഗില്‍ 85 ലെത്തി. മൂന്നാം ടെസ്റ്റില്‍ തന്നെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ബുംറ ആഘോഷിച്ചു.
പര്യടനം അവസാനിക്കുമ്പോള്‍ 43 റാങ്ക് കയറി 42 ല്‍ ആയിരുന്നു ബുംറ.
ഇന്ത്യ-ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തില്‍ ബുംറയായിരുന്നു നിര്‍ണായകശക്തി. ആദ്യ രണ്ട് ടെസ്റ്റില്‍ പരിക്ക് മൂലം കളിക്കാതിരുന്ന ബുംറ മൂന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയാണ് തിരിച്ചുവന്നത്. ഇതോടെ ബുംറ റാങ്കിംഗില്‍ 42 ല്‍ നിന്ന് 33 ലെത്തി.
ഇന്ത്യ-ആസ്‌ട്രേലിയ
ആസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് വിജയം നേടുമ്പോള്‍ പൂജാരയ്ക്കും കോഹ്‌ലിയ്ക്കുമൊപ്പം ബുംറയും ടെസ്റ്റിലെ വിജയശില്‍പ്പിയായി മാറുകയായിരുന്നു. 21 വിക്കറ്റുമായി കളം നിറഞ്ഞ ബുംറ ഈ പര്യടനത്തോടെ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17ാം റാങ്കിലെത്തി.
ഇന്ത്യ-വിന്‍ഡീസ്
വിന്‍ഡീസ് ബാറ്റിംഗ് നിര അക്ഷരാര്‍ത്ഥത്തില്‍ ബുംറയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു ഈ മത്സരത്തില്‍. ഒരു ഹാട്രിക്കും ബുംറ ഈ പര്യടനത്തില്‍ നേടി. പരമ്പര അവസാനിച്ചപ്പോള്‍ ബുംറ മൂന്നാം റാങ്കില്‍.
WATCH THIS VIDEO: