| Friday, 3rd January 2025, 4:52 pm

ഇനി വിക്കറ്റ് കീപ്പിങ് കൂടിയേ ബാക്കിയുള്ളൂ! ബാറ്റിങ്ങിനിറങ്ങി സാക്ഷാല്‍ ഡി വില്ലിയേഴ്‌സിനെയും മറികടന്ന് ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം സിഡ്‌നിയില്‍ തുടരുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയ്ക്ക് കീഴിലാണ് ഇന്ത്യ അഞ്ചാം മത്സരം കളിക്കുന്നത്.

പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം, സിഡ്‌നിയില്‍ സമനില നേടിയാല്‍ പോലും ഓസ്‌ട്രേലിയക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 185 റണ്‍സിന് പുറത്തായി. വിരാട് കോഹ്‌ലിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ വീണ്ടും നിരാശപ്പെടുത്തിയ മത്സരത്തില്‍ 40 റണ്‍സടിച്ച റിഷബ് പന്താണ് ടോപ് സ്‌കോററായത്.

രവീന്ദ്ര ജഡേജ 95 പന്ത് നേരിട്ട് 26 റണ്‍സിന് പുറത്തായപ്പോള്‍ 22 റണ്‍സുമായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് മത്സരത്തില്‍ ടീമിന്റെ മൂന്നാമത് മികച്ച റണ്‍ വേട്ടക്കാരനായത്. മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് ബുംറ റണ്ണടിച്ചുകൂട്ടിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ബുംറയുടെ ടെസ്റ്റ് ബാറ്റിങ് ശരാശരി 22.66 ആയി മാറിയിരിക്കുകയാണ്. കരിയറില്‍ ഇത് മൂന്നാം തവണയാണ് ജസ്പ്രീത് ബുംറ ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുന്നത്. ഇതിലെ നാല് ഇന്നിങ്‌സില്‍ നിന്നുമായി 68 റണ്‍സാണ് ബുംറയുടെ സമ്പാദ്യം.

ക്യാപ്റ്റനായ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലാണ് ഇക്കൂട്ടത്തിലെ ബുംറയുടെ ഏറ്റവും മികച്ച ടോട്ടല്‍ പിറന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ 16 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് ബുംറ നേടിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ കരിയറിലെ ഏറ്റവും വലിയ കളങ്കം ചാര്‍ത്തിക്കൊടുത്താണ് ബുംറ എഡ്ജ്ബാസ്റ്റണില്‍ തകര്‍ത്തടിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് നേടി താരം പുറത്തായി.

ശേഷം, ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റിലാണ് ബുംറ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ താരം എട്ട് പന്തില്‍ എട്ട് റണ്‍സ് നേടി. ബുംറയുടെ ബാറ്റിങ്ങിന് മുമ്പ് തന്നെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ഇന്ന് സിഡ്‌നിയില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി ഉയര്‍ന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ പല സൂപ്പര്‍ ക്യാപ്റ്റന്‍മാരെക്കാളും മികച്ച ബാറ്റിങ് ശരാശരിയാണ് ബുംറയുടേത്. ക്യാപ്റ്റന്റെ റോളില്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ റെഡ് ബോള്‍ ബാറ്റിങ് ശരാശരി 19.66 ആണ്. കെ.എല്‍. രാഹുലിന്റേതാകട്ടെ 19.16ഉം.

ക്യാപ്റ്റനായിരിക്കെ ഡി വില്ലിയേഴ്‌സ് പുറത്തെടുത്തതിനേക്കാള്‍ മികച്ച പ്രകടനമാണ് നിലവില്‍ ബുംറയുടേത്. ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയ മത്സരങ്ങളില്‍ നിന്നായി 17.80 ശരാശരിയില്‍ മാത്രമാണ് ഡി വില്ലിയേഴ്‌സിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. ക്വിന്റണ്‍ ഡി കോക്കിനെ സംബന്ധിച്ച് ഇത് 12.33 മാത്രമാണ്.

ബാറ്റിങ്ങില്‍ മാത്രമല്ല, ആദ്യ മത്സരത്തില്‍ പന്തുകൊണ്ടും ബുംറ വിരുതുകാട്ടി. ഖവാജയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യന്‍ നായകന്‍ കങ്കാരുക്കളുടെ ആദ്യ രക്തം ചിന്തിയത്.

സാം കോണ്‍സ്റ്റസിന്റെ സ്ലെഡ്ജിങ്ങിന് പിന്നാലെ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് വീഴ്ത്തിയാണ് ബുംറ ആദ്യ ദിനം അവസാനിപ്പിച്ചത്. പത്ത് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു ഖവാജയുടെ മടക്കം.

Content Highlight: Jasprit Bumrah as best batting average than AB de Villiers, Quinton de Kock, KL Rahul etc. as captain

We use cookies to give you the best possible experience. Learn more