പരിക്കിന്റെ പിടിയിലകപ്പെട്ട് ഏറെ നാളായി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബുംറക്ക് പുറമെ ടീമിന്റെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചുവരവിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2023 ഏഷ്യാ കപ്പില്‍ ഇരുവരും സ്‌ക്വാഡിന്റെ ഭാഗമാകുമെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച് വരികയാണെന്നും തൃപ്തികരമാണെന്നും എന്‍.സി.എ അറിയിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ബുംറ നിലവില്‍ ഫിസിയോതെറാപ്പി ചെയ്യുകയാണെന്നും ലൈറ്റ് ബൗളിങ് പ്രാക്ടീസ് തുടങ്ങിയെന്നും എന്‍.സി.എ അറിയിക്കുന്നു. ഇപ്പോള്‍ ചെറിയ രീതിയില്‍ മാത്രമാണ് താരത്തിന് വര്‍ക് ലോഡ് ഉള്ളതെങ്കിലും പോകെപ്പോകെ ഫുള്‍ സ്‌ട്രെച്ചിലേക്കെത്തിക്കാനാണ് ഒരുങ്ങുന്നത്.
ശ്രേയസ് അയ്യര്‍ ഇപ്പോള്‍ ഫിസിയോ തെറാപ്പി തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബുംറക്ക് പരിക്കേല്‍ക്കുന്നത്. പുറം ഭാഗത്തിനേറ്റ പരിക്ക് താരത്തെ ഒമ്പത് മാസത്തോളം ക്രിക്കറ്റ് പിച്ചില്‍ നിന്നും അകറ്റിയിരുന്നു.
ടി-20 ലോകകപ്പും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും അടക്കം പല ടൂര്‍ണമെന്റുകളും താരത്തിന് നഷ്ടമായിരുന്നു. 2023 ഐ.പി.എല്‍ കളിക്കാനും ബുംറക്ക് സാധിച്ചിരുന്നില്ല.
ഏപ്രിലില്‍ ബുംറ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ന്യൂസിലാന്‍ഡില്‍ നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ താരം എന്‍.സി.എയില്‍ തുടരുകയായിരുന്നു.
പുറം ഭാഗത്തിനേറ്റ പരിക്ക് തന്നെയായിരുന്നു ശ്രേയസ് അയ്യരിനെയും പിന്നോട്ട് വലിച്ചത്. താരവും ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. പുറംവേദനക്ക് പിന്നാലെ താരത്തിന് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റും തുടര്‍ന്നുള്ള ഏകദിനങ്ങളും കളിക്കാന്‍ സാധിച്ചിരുന്നില്ല.
Content Highlight: Jasprit Bumrah and Shreyas Iyer will return to the Indian team in the Asia Cup, Reports