കഴിഞ്ഞ കുറച്ചുനാളുകളായി ടീം ഇന്ത്യ പരിക്കുകളുടെ പിടിയിലായിരുന്നു. താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ടീമിന്റെ പ്രകടനത്തെയും സാരമായി ബാധിക്കുകയായിരുന്നു. എന്നാല്‍ ലോകകപ്പിന് നാളുകള്‍ ബാക്കി നില്‍ക്കെ ടീം ഇന്ത്യക്കും ആരാധകര്‍ക്കും ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കായി കളിച്ചിരുന്നില്ല. നാളുകളായി അലട്ടിയിരുന്ന പുറംവേദനയെ തുടര്‍ന്ന് താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ റിഹാബിലിറ്റേഷനിലാണ് താരം. ബുംറ പരിക്കില്‍ നിന്ന് മോചിതനാകുന്നുണ്ടെന്നും നെറ്റ്‌സില്‍ ചെറിയ രീതിയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പരിക്കില്‍ നിന്ന് മുക്തനായാല്‍ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യഡനത്തിന് മുമ്പ് ബുംറക്ക് പൂര്‍ണ ഫിറ്റ്‌നെസിലേക്ക് തിരിച്ചെത്താനാകും. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ പ്രധാനിയെ ധൃതി പിടിച്ച് മടക്കി കൊണ്ടുവരേണ്ടതില്ലെന്നും ഏഷ്യാ കപ്പില്‍ താരത്തെ തിരിച്ചെത്തിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നുമാണ് ബി.സി.സി.ഐയുടെ തീരുമാനം.
അതേസമയം, ഇത്തവണ പ്രീമിയര്‍ ലീഗിനിടെ കെ.എല്‍ രാഹുലിന് പരിക്കേറ്റിരുന്നു. വലത് തുടക്കേറ്റ പരിക്കിനാല്‍ ശസ്ത്രക്രിയക്ക് വിധേയനായ താരം നിലവില്‍ ഫിസിക്കല്‍ ട്രെയ്‌നിങ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ പകുതിയോടെ താരത്തിന് പൂര്‍ണ പരിശീലനം ആരംഭിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലന്‍ഡ് പര്യടനത്തിന് മുമ്പ് രാഹുലിന് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കുമെങ്കിലും ബുംറയെ പോലെ താരത്തെയും ഏഷ്യാ കപ്പിലാകും ബി.സി.സി.ഐ കളിപ്പിക്കുക.
Content Highlights: Jasprit Bumrah and KL Rahul rejoin with team India