ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യ – ലെസ്റ്റര്‍ഷെയര്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. മൂന്നാം ദിവസം ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഇന്ത്യ 92 ഓവറില്‍ 364 റണ്‍സിന് 9 വിക്കറ്റ് എന്ന നിലയിലാണ്.
ആദ്യ മത്സരത്തില്‍ നേടിയ രണ്ട് റണ്‍സിന്റെ ലീഡ് അടക്കം ഇന്ത്യയുടെ പക്കല്‍ ഇപ്പോള്‍ 366 റണ്‍സുണ്ട്.
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മാസ്മരിക പ്രകടനമായിരുന്നു മൂന്നാം ദിവസത്തെ ഹൈലൈറ്റ്. തന്‍റെ ഫോം അങ്ങനെയൊന്നും പോയ്‌പ്പോവൂലായെന്നും തന്നെ എന്തിനാണ് കിങ് കോഹ് ലി എന്ന് വിളിക്കുന്നത് എന്ന വസ്തുത അടിവരയിടുന്ന പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
അര്‍ധസെഞ്ച്വറി നേടിയ താരം സെഞ്ച്വറി നേടുമെന്ന പ്രതീതി ആരാധകര്‍ക്ക് നല്‍കിയിരുന്നു. വര്‍ഷങ്ങളായി തന്റെ ബാറ്റില്‍ നിന്നും ഒരു സെഞ്ച്വറി പിറന്നിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാന്‍ താരത്തിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്.
എന്നാല്‍ വിരാടിനെ അതിന് സമ്മതിക്കാതെ തടയുകയായിരുന്നു ഇന്ത്യന്‍ ടീമിലെ സഹതാരം കൂടിയായിരുന്ന ജസ്പ്രീത് ബുംറ. 97 പന്തില്‍ നിന്നും 67 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സ് ആങ്കര്‍ ചെയ്ത് നിര്‍ത്തവെയായിരുന്നു ബുംറ വിരാടിന് എട്ടിന്റെ പണികൊടുത്തത്.
മികച്ച രീതിയില്‍ ബാറ്റ് വീശിയ വിരാടിനെ ലെസ്റ്റര്‍ഷെയര്‍ താരം സാങ്കടെയുടെ കൈകളിലെത്തിച്ചാണ് ബുംറ മടക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 71ാം ഓവറിലായിരുന്നു വിരാടിന്റെ മടക്കം. ടീം സ്‌കോര്‍ 275ല്‍ നില്‍ക്കവെയാണ് ബംറ വിരാടിനെ മടക്കിയത്.
എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ താരത്തിന്റെ റണ്‍സ് ഏറെ നിര്‍ണായകമായിരുന്നു. 68 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 48ല്‍ നില്‍ക്കവെ തന്റെ ക്ലാസിക് ഷോട്ടിലൂടെ ബൗണ്ടറി നേടിയാണ് താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
അതേസമയം, മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ഇന്ത്യ മൂന്നാം ദിനം കളിയവസാനിപ്പിച്ചത്. 92 ഓവറില്‍ 364 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. 17 പന്തില്‍ നിന്നും ഒരു റണ്‍സെടുത്ത സിറാജും, രണ്ട് പന്തില്‍ നിന്നും റണ്ണൊന്നുമെടുക്കാതെ ജഡേജയുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ 246 റണ്‍സിന് 8 വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിറങ്ങിയ ലെസ്റ്റര്‍ഷെയര്‍ 244 റണ്‍സിന് ഓള്‍ ഔട്ടാവുകയും ഇന്ത്യയ്ക്ക് രണ്ട് റണ്‍സ് ലീഡ് ലഭിക്കുകയുമായിരുന്നു.
Content Highlight: Jaspreet Bumrah Dismiss Virat Kohli in India’s Warmup Match