| Monday, 30th January 2017, 10:28 am

അവസാന പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ആറ് റണ്‍സ് മാത്രം: എന്തു ചെയ്യണമെന്നറിയാതെ നിന്ന ബുംറയോട് കോഹ്‌ലി പറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


നാഗ്പൂര്‍: അവസാന പന്തിലേക്ക് നീണ്ട, ടെന്‍ഷനടിപ്പിച്ച മത്സരമായിരുന്നു ഇന്നലെ നാഗുപൂരില്‍ അരങ്ങേറിയത്. തോറ്റു പോകുമായിരുന്ന മത്സരം അവസാന നിമിഷം അഞ്ച് റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിന്റെ കയ്യില്‍ നിന്നും പിടിച്ച് വാങ്ങുകയായിരുന്നു. ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും അവസാന ഒമ്പത് പന്തുകളും ഡോട്ട് ബോളാക്കി മാറ്റിയ ജസ്പ്രീത് ബുംറയ്ക്കാണ്.

പ്രതിഭാശാലിയാണെങ്കിലും പരിചയ സമ്പത്തിന്റെ കാര്യത്തില്‍ കുറവുള്ള ബുംറയാണ് ഇന്ത്യയുടെ അവസാന ഓവറെറിഞ്ഞത്. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ആ നിമിഷങ്ങളില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ശരിക്കും ബുംറ കുഴങ്ങി. എന്നാല്‍ ബുംറയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട് മാറി നില്‍ക്കാന്‍ നായകന്‍ വിരാട് കോഹ്‌ലി തയ്യാറായിരുന്നില്ല.

എന്തു ചെയ്യണമെന്ന് ശങ്കിച്ച് നിന്ന ബുംറയ്ക്കരികിലെത്തി വിരാട് ഉപദേശം നല്‍കി. നായകനുമായുള്ള സംസാരത്തിന് ശേഷം ആത്മവിശ്വാസം വീണ്ടെടുത്ത ബുംറ ശാന്തനായി. അവസാന പന്തും ഡോട്ട് ബോളാക്കി ബുംറ ഇന്ത്യയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചു.

” എന്തു ചെയ്യണമെന്ന് ഓരോ പന്തിന് ശേഷവും അവനെന്നോട് ചോദിച്ചു കൊണ്ടിരുന്നു. സ്വന്തം കഴിവുകളില്‍ വിശ്വസിക്കാന്‍ ഞാന്‍ അവനോട് പറഞ്ഞു. ലാസ്റ്റ് പന്തില്‍ സിക്‌സടിച്ച് ഇംഗ്ലണ്ട് വിജയിച്ചാലും നാളെ നേരം വെളുക്കും. ഇത് ലോകാവസാനമൊന്നുമല്ല. ” മത്സരത്തിനിടെ സമ്മര്‍ദ്ദത്തിലായ ബുംറയോട് സംസാരിച്ചതിനെക്കുറിച്ച് കോഹ്‌ലിയുടെ വാക്കുകളാണ്.


Also Read: അരങ്ങേറ്റത്തില്‍ തന്നെ താരമായി മലയാളിതാരം രോഹന്‍ ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അണ്ടര്‍ 19 ന് ഗംഭീര വിജയം 


ഒരു പന്തും ആറ് റണ്‍സും. ആരം പതറി പോകുന്ന ആ അവസരത്തില്‍ നായകന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസം മുതലാക്കി ബുംറ പന്തെറിഞ്ഞു. ഡോട്ട് ബോള്‍, ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ അപ്രതീക്ഷിത വിജയം.

പത്രസമ്മേളനത്തിലും ബുംറയെ പ്രശംസിക്കാന്‍ കോഹ്‌ലി മറന്നില്ല. നായകന്റെ ഉപദേശം തനിക്ക് ആത്മവിശ്വാസം പകര്‍ന്നെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അത് തന്നെ സഹായിച്ചെന്നും ബുംറ പറഞ്ഞു. ബുംറയുടേയും ആശിഷ് നെഹ്‌റയുടേയും ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

We use cookies to give you the best possible experience. Learn more