'എനിക്കും എന്റെ കുടുംബത്തിനും ഇത് സ്‌പെഷ്യലാണ്'; മകളുടെ ആശുപത്രിക്കിടക്കയ്ക്ക് അരികില്‍ നിന്ന് ക്രിക്കറ്റ് പിച്ചിലെത്തി സെഞ്ച്വറിയടിച്ച് ജേസണ്‍ റോയ്
ട്രെന്റ് ബ്രിഡ്ജ്: ഇതിനുമുന്‍പ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയ് ഏകദിനത്തില്‍ ഏഴ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. പക്ഷേ ഇന്നലെ പാകിസ്താനെതിരേ നേടിയ സെഞ്ച്വറി റോയിക്ക് സ്‌പെഷ്യലാണ്. ആശുപത്രിയില്‍ക്കിടക്കുന്ന മകള്‍ക്കരികില്‍ തലേദിവസം രാത്രിമുഴുവന്‍ ചെലവഴിച്ചാണ് റോയ് ട്രെന്‍ഡ് ബ്രിഡ്ജിലെ ക്രിക്കറ്റ് പിച്ചിലെത്തിയത്. രണ്ടുമണിക്കൂര്‍ നേരം മാത്രം ഉറങ്ങിയതിനുശേഷം.
എന്നാല്‍ ഈ ക്ഷീണമൊന്നും റോയിക്കു മത്സരത്തിലില്ലായിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനു ജയിച്ചപ്പോള്‍ അതില്‍ തലയുയര്‍ത്തിനിന്നത് റോയ് നേടിയ 114 റണ്‍സാണ്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ നാലാമത്തെ മത്സരം കഴിഞ്ഞപ്പോള്‍ 3-0-ത്തിനു മുന്നിലെത്താന്‍ ഇംഗ്ലണ്ടിനായി.
രണ്ടുമാസം പ്രായം മാത്രമാണ് റോയിയുടെ മകള്‍ക്കുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് അസുഖം വന്നതിനെത്തുടര്‍ന്ന് മകളെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഭാര്യയോടൊപ്പം രാവിലെ എട്ടരവരെ ആശുപത്രിയില്‍ ചെലവഴിച്ചതിനുശേഷമായിരുന്നു രണ്ടു മണിക്കൂര്‍ അദ്ദേഹം ഉറങ്ങിയത്. തുടര്‍ന്ന് ഗ്രൗണ്ടിലെത്തുകയും മത്സരത്തിനിറങ്ങുകയുമായിരുന്നു.
‘എന്റെ ജീവിതത്തിന്റെ നല്ല അവസ്ഥയില്‍ക്കൂടിയല്ല ഞാനിപ്പോള്‍ കടന്നുപോകുന്നത്. നല്ലൊരു ഇന്നിങ്ങ്‌സായിരുന്നില്ല അത്. പക്ഷേ അതെനിക്ക് സ്‌പെഷ്യലായിരുന്നു. എനിക്കു മാത്രമല്ല, എന്റെ കുടുംബത്തിനും.’- റോയ് പറഞ്ഞു.
89 പന്തില്‍ 11 ഫോറും നാല് സിക്‌സറും അടക്കമാണ് റോയ് 114 റണ്‍സ് നേടിയത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും മറ്റാര്‍ക്കുമല്ല.
ഇംഗ്ലണ്ടിനു വേണ്ടി 75 ഏകദിനങ്ങള്‍ കളിച്ച റോയ് എട്ട് സെഞ്ച്വറിയും 14 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.
ഈവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് ആതിഥ്യമരുളുന്നത് ഇംഗ്ലണ്ടാണ്.
റോയിയുടെ ജീവിതപങ്കാളി എല്ലെ വിന്റര്‍ മകളോടൊപ്പം