| Thursday, 25th May 2023, 7:50 pm

നാഷണല്‍ ടീമിനോട് പോകാന്‍ പറ, ഞാന്‍ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ചോളാം; ചരിത്രത്തിലാദ്യം, ലോകകപ്പും നഷ്ടമാകും

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രാഞ്ചൈസി ലീഗ് കളിക്കുന്നതിന് സെന്‍ട്രല്‍ കോണ്‍ട്രാക്ട് ഉപേക്ഷിക്കാനൊരുങ്ങി സൂപ്പര്‍ താരം ജേസണ്‍ റോയ്. ഐ.പി.എല്ലിന്റെ അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ മേജര്‍ ലീഗ് ക്രിക്കറ്റ് – എം.എല്‍.സി (Major Leagure Cricket – MLC)) കളിക്കാന്‍ വേണ്ടിയാണ് താരം സെന്‍ട്രല്‍ കോണ്‍ട്രാക്ടിനോട് ഗുഡ് ബൈ പറയാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ട് പ്രകാരം 3,00,000 പൗണ്ടിനാണ് (ഏകദേശം 3.067 കോടി രൂപക്ക്) താരം എം.എല്‍.സി ടീമുമായി കരാറിലെത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയായിരുന്നു ജേസണ്‍ റോയ് കളത്തിലിറങ്ങിയത്. മേജര്‍ ലീഗ് ക്രിക്കറ്റിലും നൈറ്റ് റൈഡേഴ്‌സിന് വേണ്ടി തന്നെയാണ് താരം കളിക്കാനിറങ്ങുന്നത്.

കെ.കെ.ആറിന്റെ ഉടമസ്ഥതയിലുള്ള ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സി (Los Angeles Knight Riders)ന് വേണ്ടിയാണ് ലോകത്തിലെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ റോയ് ബാറ്റേന്തുക.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു താരം ഫ്രാഞ്ചൈസി ക്രിക്കറ്റിന് വേണ്ടി സെന്‍ട്രല്‍ കോണ്‍ട്രാക്ട് ഉപേക്ഷിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ നടക്കുന്ന ലോകകപ്പടക്കം താരത്തിന് നഷ്ടമായേക്കും.

ഐ.പി.എല്‍ 2023ല്‍ നൈറ്റ് റൈഡേഴ്‌സിനായി എട്ട് മത്സരത്തിലാണ് റോയ് കളിച്ചിട്ടുള്ളത്. ഇതില്‍ 35.63 എന്ന ശരാശരിയിലും 151.59 എന്ന പ്രഹരശേഷിയിലും 285 റണ്‍സാണ് റോയ് നേടിയത്. ഐ.പി.എല്‍ 2023ലെ ഒരു കൊല്‍ക്കത്ത ബാറ്ററുടെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും റോയ്‌യുടേത് തന്നെയാണ്.

രണ്ട് അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ച താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 61ആണ്.

മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണാണ് 2023 ജുലൈയില്‍ ആരംഭിക്കുന്നത്. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിന് പുറമെ ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതയിലുള്ള രണ്ട് ടീമുകളും ടൂര്‍ണമെന്റ് കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എം.ഐ ന്യൂയോര്‍ക്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സസ് സൂപ്പര്‍ കിങ്‌സ് എന്നിവരാണ് എം.എല്‍.സിയിലെ മറ്റ് ‘ഐ.പി.എല്‍’ ടീമുകള്‍.

ഇവര്‍ക്ക് പുറമെ സാന്‍ ഹോസെ, കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ്, സിയാറ്റില്‍, വാഷിങ്ടണ്ണില്‍ നിന്നുള്ള സിയാറ്റില്‍ ഓര്‍കാസ്, വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായ വാഷിങ്ടണ്‍ ഫ്രീഡം എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.

Content Highlight: Jason Roy is reportedly set to quit his national contract

We use cookies to give you the best possible experience. Learn more