|

സഞ്ജുവിന്റെ ചിറകരിഞ്ഞ് ഡി കോക്കും ഹെന്‍ഡ്രിക്‌സും; ഐ.പി.എല്ലിന് മുമ്പ് രാജസ്ഥാന് ചങ്കിടിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ഇതിനോടകം അവസാനിച്ചപ്പോള്‍ ഇരു ടീമും ഓരോ വിജയം നേടി സമനില പാലിച്ചിരിക്കുകയാണ്.

മഴ കളിച്ച പമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് മൂന്ന് വിക്കറ്റിന് വിജയം സ്വന്തമാക്കിയപ്പോള്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയം പ്രോട്ടീസ് സ്വന്തമാക്കി.

ബാറ്റര്‍മാര്‍ തമ്മിലുള്ള മത്സരമായിരുന്നു രണ്ടാം ടി-20യില്‍ ക്രിക്കറ്റ് ലോകം കണ്ടത്. ആകെ എറിഞ്ഞ 233 പന്തില്‍ 517 റണ്‍സാണ് ഇരുടീമും ചേര്‍ന്ന് അടിച്ചെടുത്തത്. തോറ്റെങ്കിലും വിന്‍ഡീസിനായി സെഞ്ച്വറി നേടിയ ജോണ്‍സണ്‍ ചാള്‍സിന്റെയും മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ക്വിന്റണ്‍ ഡി കോക്കിന്റെയും സെഞ്ച്വറികളായിരുന്നു ഈ ദിവസത്തെ ഹൈലൈറ്റ്.

മികച്ച പ്രകടനം നടത്തി സൗത്ത് ആഫ്രിക്ക പരമ്പര സമനിലയിലാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനേക്കാളേറെ ചങ്കിടിക്കുന്നത് രാജസ്ഥാന്‍ റോയല്‍സിനാണ്. ഇതിന് കാരണമാകട്ടെ രാജസ്ഥാന്റെ തുറുപ്പുചീട്ടിന്റെ മോശം പ്രകടനവും.

കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തിലെ രാജസ്ഥാന്റെ ഏറ്റവും വലിയ പിക് വിന്‍ഡീസ് ഫാസ്റ്റ് ബോള്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറായിരുന്നു. അഞ്ചേമുക്കാല്‍ കോടിക്കായിരുന്നു താരത്തെ പിങ്ക് സിറ്റി വിളിച്ചെടുത്തത്.

ടീമിന് ഏറ്റവും അത്യാവശ്യമായ ഫാസ്റ്റ് ബോള്‍ ഓള്‍ റൗണ്ടറെയും ടീമിലെത്തിച്ച രാജസ്ഥാന്‍ കിരീടവും സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു.

എന്നാല്‍ പ്രോട്ടീസ് – വിന്‍ഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ താരത്തിന്റെ പ്രകടനം രാജസ്ഥാന് ഒട്ടും ആശ്വാസം നല്‍കുന്നില്ല. ഈ സീസണില്‍ ടീമിന്റെ തുറുപ്പുചീട്ടാകുമെന്ന് പ്രതീക്ഷിച്ച ഹോള്‍ഡര്‍ ചെണ്ടയാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 12 എന്ന എക്കോണമിയില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്. ക്വിന്റണ്‍ ഡി കോക്കും റീസ ഹെന്‍ഡ്രിക്‌സും ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ ഹോള്‍ഡറിനെ വാരിയലക്കുകയായിരുന്നു.

ഇതിന് മുമ്പ് കളിച്ച ഏകദിനങ്ങളിലും താരം മികച്ച രീതിയില്‍ തന്നെ അടിവാങ്ങിക്കൂട്ടിയിരുന്നു.

ഐ.പി.എല്‍ 2023 ആരംഭിക്കാന്‍ കേവലം അഞ്ച് ദിവസം മാത്രം ശേഷിക്കെ, ടീമിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ള ഹോള്‍ഡറിന്റെ പ്രകടനം രാജസ്ഥാന്‍ റോയല്‍സിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വരുമ്പോള്‍ ഹോള്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ഹല്ലാ ബോല്‍ ആരാധകര്‍.

ഏപ്രില്‍ രണ്ടിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content Highlight: Jason Holder’s poor performance against South Africa