സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിന് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ അല്‍പം ആശങ്കയിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമിലുണ്ടെന്നതായിരുന്നു അവരുടെ ആശങ്കക്ക് കാരണം.
ഐ.പി.എല്ലിന് തൊട്ടുമുമ്പ് നടന്ന മത്സരങ്ങളിലും പര്യടനത്തിലുമെല്ലാം മോശം പ്രകടനമായിരുന്നു ഹോള്‍ഡര്‍ കാഴ്ചവെച്ചത്. ഓരോ ഓവറിലും പത്തിലധികം റണ്‍സായിരുന്നു താരം വഴങ്ങിക്കൊണ്ടിരുന്നത്. എതിര്‍ ടീം ബാറ്റര്‍മാരുടെ ചെണ്ടയായ ഹോള്‍ഡറിനെ നിര്‍ണായകമായ ആദ്യ മത്സരത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ആരാധകരും അത്രകണ്ട് ഹാപ്പിയായിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് ജേസണ്‍ ഹോള്‍ഡര്‍ എന്ന കരുത്തനില്‍ രാജസ്ഥാന്‍ റോയല്‍സ് അര്‍പ്പിച്ച വിശ്വാസം സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ടീം ആവര്‍ത്തിക്കുകയായിരുന്നു.
ആ വിശ്വാസം കാക്കേണ്ട പൂര്‍ണമായ ഉത്തരവാദിത്വം തനിക്കുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റൊരു ഹോള്‍ഡറെയായിരുന്നു രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ആരാധകര്‍ കണ്ടത്. ഈ മികച്ച ഫോമിലുള്ള ഹോള്‍ഡറെ കരുതിയാണോ തങ്ങള്‍ ആശങ്കപ്പെട്ടത് എന്ന രീതിയില്‍ ഹല്ലാ ബോല്‍ ആരാധകര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.
ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഹോള്‍ഡര്‍ തന്‍രെ മായാജാലം കാണിച്ചിരുന്നു. സണ്‍റൈസേഴ്‌സിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ, കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരമായ രാഹുല്‍ ത്രിപാഠിയെ അവിശ്വസനീയമായ തരത്തില്‍ കൈക്കുള്ളിലൊതുക്കിയാണ് ഹോള്‍ഡര്‍ തരംഗമായത്.
സ്ലിപ്പില്‍ ഡൈവ് ചെയ്ത് ആ ക്യാച്ച് കംപ്ലീറ്റ് ചെയ്ത ശേഷം സഞ്ജുവിനൊപ്പം വിക്കറ്റ് നേട്ടം ആഘോഷിച്ച ഹോള്‍ഡറിന്റെ മുഖവും രാജസ്ഥാന്‍ ആരാധകര്‍ മറക്കില്ല. ബോള്‍ട്ട് – ഹോള്‍ഡര്‍ ആക്രമണത്തില്‍ രണ്ട് പന്ത് നേരിട്ട ത്രിപാഠി പവലിയനിലേക്ക് മടങ്ങിയപ്പോള്‍ സ്‌റ്റേഡിയം മൂകമായി.
പന്തെടുത്തപ്പോഴും താരം തന്റെ മാജിക് കാണിച്ചിരുന്നു. മൂന്ന് ഓവറില്‍ വഴങ്ങിയത് 16 റണ്‍സ്, എക്കോണമി 5.33. ഇതിന് പുറമെ ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
അപകടകാരിയായ വാഷിങ്ടണ്‍ സുന്ദറാണ് ഹോള്‍ഡറിന് മുമ്പില്‍ വീണത്. അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി നില്‍ക്കവെ ഹെറ്റ്‌മെയറിന്റെ കൈകളിലെത്തിച്ചാണ് ഹോള്‍ഡര്‍ വാഷിങ്ടണ്ണിനെ മടക്കിയത്.
ഈ പ്രകടനത്തിന് പിന്നാലെ തന്നെ എഴുതി തള്ളിയ സ്വന്തം ആരാധകര്‍ക്കുള്ള മറുപടി നല്‍കാനും ഹോള്‍ഡറിനായി. ഐ.പി.എല്ലിന് തൊട്ടുമുമ്പ് വരെ അടിതാങ്ങിയായിരുന്ന ഹോള്‍ഡര്‍ ഐ.പി.എല്ലിലേക്കെത്തിയപ്പോള്‍ ആളാകെ മാറിയെന്നാണ് ആരാധകര്‍ പറയുന്നത്.
അടുത്ത മത്സരത്തിലും താരം ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Jason Holder’s incredible performance against SRH