| Friday, 4th August 2023, 8:49 am

രാജസ്ഥാന്‍ ആരാധകര്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പോലും സാധിക്കുന്നുണ്ടാകില്ല; ഹോള്‍ഡറേ ഇത് നീ തന്നെയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ വെച്ചാണ് നടന്നത്.

ടെസ്റ്റിലെയും ഏകദിനത്തിലെയും ഡൊമിനന്‍സ് ആവര്‍ത്തിക്കാമെന്ന ഇന്ത്യന്‍ മോഹങ്ങളെ ചുരുട്ടിയെറിഞ്ഞാണ് ആതിഥേയര്‍ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനോടും സിംബാബ്‌വേയോടും സ്‌കോട്‌ലാന്‍ഡിനോടും അടക്കം തോറ്റ് നാണക്കേടിന്റെ പടുകുഴിയില്‍ വീണ വിന്‍ഡീസ് തങ്ങളുടെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രകടനമാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്.

വിന്‍ഡീസിന്റെ വിജയത്തില്‍ ആരാധകര്‍ അധികം പ്രതീക്ഷ വെച്ചുപുലര്‍ത്താതിരുന്ന താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത ജേസണ്‍ ഹോള്‍ഡറായിരുന്നു വിന്‍ഡീസിന്റെ വിജയശില്‍പി.

ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിന്റെയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെയും വിക്കറ്റ് വീഴ്ത്തിയാണ് ഹോള്‍ഡര്‍ നിര്‍ണായകമായത്. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ റണ്‍ ഔട്ടിന് വഴിവെച്ചതും ഹോള്‍ഡര്‍ തന്നെയായിരുന്നു.

മത്സരത്തിന്റെ പത്താം ഓവറിലാണ് ഹോള്‍ഡര്‍ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിക്കുന്നത്. 21 പന്തില്‍ 21 റണ്‍സ് നേടിയ സൂര്യകുമാറിനെ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ കൈകളിലെത്തിച്ചാണ് ഹോള്‍ഡര്‍ മടക്കിയത്.

ശേഷം മത്സരത്തിന്റെ 16ാം ഓവറില്‍ ഹോള്‍ഡര്‍ ഇന്ത്യക്ക് ഇരട്ട പ്രഹരവുമേല്‍പിച്ചു. ആറ് വിക്കറ്റ് കയ്യിലിരിക്കെ വിജയിക്കാന്‍ 30 പന്തില്‍ 378 റണ്‍സ് മതിയെന്ന സ്ഥിതിയിലാണ് ഹോള്‍ഡര്‍ പന്തെറിയാനെത്തിയത്. സഞ്ജുവും ഹര്‍ദിക്കും ഇന്ത്യയെ വിജയിപ്പിക്കുമെന്ന ഉറച്ച് വിശ്വസിച്ച ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ടാണ് ഹോള്‍ഡര്‍ തന്റെ ബൗളിങ് പാടവം പുറത്തെടുത്തത്.

ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ ക്ലീന്‍ ബൗള്‍ഡാക്കിയ ഹോള്‍ഡര്‍ മൂന്നാം പന്തില്‍ സഞ്ജുവിന്റെ റണ്‍ ഔട്ടിനും വഴിയൊരുക്കി. 16ാം ഓവറില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെയാണ് ഹോള്‍ഡര്‍ പന്തറിഞ്ഞത്.

W, 0, W, 0, 0, 0 എന്നിങ്ങനെയാണ് 16ാം ഓവറില്‍ താരം പന്തെറിഞ്ഞത്.

16 ഓവറില്‍ പിറന്ന മെയ്ഡന്‍ അടക്കം മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ഹോള്‍ഡര്‍ 19 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ട് വിക്കറ്റും സ്വന്തമാക്കി. 4.75 എക്കോണമിയില്‍ പന്തെറിഞ്ഞ ഹോള്‍ഡര്‍ തന്നെയാണ് മത്സരത്തിലെ താരവും.

താരത്തിന്റെ ഈ ബൗളിങ് പ്രകടനം കാണുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ അമ്പരന്നു കാണണം. ഹോള്‍ഡറിന്റെ മോശം ബൗളിങ് പ്രകടനത്തിന് പിന്നാലെ തോറ്റ മത്സരവും അതുവഴി നഷ്ടമായ പ്ലേ ഓഫ് ബെര്‍ത്തുമെല്ലാം രാജസ്ഥാന്‍ ആരാധകരുടെ കണ്‍മുമ്പില്‍ ഒരു നിമിഷം മിന്നിമറിഞ്ഞു കാണും. എന്തുതന്നെയായാലും ഹോള്‍ഡറിന്റെ ബൗളിങ് പ്രകടനത്തില്‍ ആരാധകര്‍ ഇംപ്രസ്ഡായിരിക്കുകയാണ്.

തന്നെ മുറിവേല്‍പിച്ച ബൗളറെ അടുത്ത മത്സരത്തില്‍ തെരഞ്ഞുപിടിച്ച് തല്ലുന്ന ശീലം ഗയാനയില്‍ നടക്കുന്ന രണ്ടാം ടി-20യില്‍ സഞ്ജു പുറത്തെടുത്താല്‍ ഹോള്‍ഡര്‍ – സഞ്ജു പോരാട്ടത്തിനാകും ഹല്ലാ ബോല്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുക.

ആഗസ്റ്റ് ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദി.

Content highlight: Jason Holder’s brilliant bowling performance against India

We use cookies to give you the best possible experience. Learn more