| Tuesday, 13th December 2022, 11:38 am

ആ മൂന്ന് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കി വേണം സ്വപ്ന ഹാട്രിക് സ്വന്തമാക്കാന്‍; തുറന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ജേസണ്‍ ഹോള്‍ഡര്‍. ബാറ്റുകൊണ്ടും ബോളുകൊണ്ടും എതിരാളികളെ ഭയപ്പെടുത്താന്‍ മിടുക്കനായ ഹോള്‍ഡറിന്റെ കഴിഞ്ഞ മത്സരത്തിലെ പ്രകടനം അത്രകണ്ട് മികച്ചതായിരുന്നില്ല.

ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയായിരുന്നു ഹോള്‍ഡര്‍ അവസാനമായി കളിച്ചിരുന്നത്. പരമ്പരയില്‍ 2-0നായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തോല്‍വി.

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും 30 റണ്‍സ് നേടിയ ഹോള്‍ഡര്‍ രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ഹോള്‍ഡര്‍ രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സ് നേടിയാണ് ഔട്ടായത്. ഈ രണ്ട് ടെസ്റ്റില്‍ നിന്നും ഒറ്റ വിക്കറ്റ് മാത്രമാണ് ഹോള്‍ഡറിന് നേടാന്‍ സാധിച്ചത്.

ഇപ്പോഴിതാ, തന്റെ ഡ്രീം ഹാട്രിക്കിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജേസണ്‍ ഹോള്‍ഡര്‍. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ തുടര്‍ച്ചയായ മൂന്ന് പന്തില്‍ പുറത്താക്കി വേണം തനിക്ക് ഹാട്രിക് നേടാനെന്നും ഹോള്‍ഡര്‍ പറയുന്നു.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, നിലവിലെ നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരെ പുറത്താക്കി വേണം തനിക്ക് ഹാട്രിക് സ്വന്തമാക്കാനെന്നും ഹോള്‍ഡര്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ രാഹുലിന്റെ കീഴില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു ഹോള്‍ഡര്‍ കളിച്ചിരുന്നത്. എന്നാല്‍ 2023 മിനി ഓക്ഷന് മുമ്പ് ടീം താരത്തെ റിലീസ് ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ത്യ ബംഗ്ലാദേശിനെതിരായ തങ്ങളുടെ ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ്. രണ്ട് മത്സരങ്ങളാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലുള്ളത്.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ (ഡിസംബര്‍ 14ന്) ചാറ്റോഗ്രാമില്‍ വെച്ച് നടക്കും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സ്‌ക്വാഡ്

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, നവ്ദീപ് സെയ്‌നി, സൗരഭ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്.

Content Highlight: Jason Holder about his dream hattrick

Latest Stories

We use cookies to give you the best possible experience. Learn more