പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ മിന്നും വിജയവും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.
ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. അടുത്ത കാലത്തായി എല്ലാ ഫോര്‍മാറ്റിലും പാകിസ്ഥാന്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് തന്നെ ടീം പുറത്തായിരുന്നു. തുടര്‍ന്ന് നടന്ന ടെസ്റ്റ് മത്സരങ്ങളിലും ടീം പരാജയപ്പെടുന്നത് സ്ഥിരമാക്കിയിരിക്കുകയാണ്.
ഇതോടെ പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ജെയ്‌സണ്‍ ഗില്ലസ്പി വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്. ടീം തിരിച്ചുവരുമെന്നും താരങ്ങള്‍ നന്നായി പരിശ്രമിക്കുന്നു എന്നുമാണ് പരിശീലകന്‍ പറഞ്ഞത്.
‘ഞങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണ്, എല്ലാവരെയും ശ്രദ്ധിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ മെച്ചപ്പെടേണ്ടത് അനിവാര്യമാണ്. പാകിസ്ഥാന്‍ കളിക്കാര്‍ക്ക് രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ വലിയ അഭിമാനമുണ്ട്,
കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും ടീമില്‍ മികച്ച മാറ്റങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരും. കളിക്കാര്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്, മത്സരങ്ങള്‍ ജയിക്കാനുള്ള തീവ്രത അവര്‍ വീണ്ടെടുക്കും. ഞങ്ങള്‍ ഒരുമിച്ചാണ്, ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും,’അദ്ദേഹം പറഞ്ഞു.
ഇതേതുടര്‍ന്ന് പാകിസ്ഥാന്റെ വൈറ്റ് ബോള്‍ കോച്ച് ഗ്രേ ലിര്‍സ്റ്റണും സംസാരിച്ചിരുന്നു.
‘ഞാന്‍ 12 ദിവസമായി പാകിസ്ഥാനിലുണ്ട്, ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ട കഴിവുള്ള കളിക്കാരെ കാണുന്നത് സന്തോഷകരമാണ്. രാജ്യത്ത് പ്രതിഭകളുടെ കുറവില്ല, ടൂര്‍ണമെന്റിന്റെ ഗുണനിലവാരം ഉയര്‍ന്നതാണ്.
ഒക്ടോബര്‍ ഏഴിന് ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റ് പരമ്പരകളാണ് പാകിസ്ഥാന്റെ മുന്നിലുള്ളത്.
Content Highlight: Jason Gillespi Talking About Pakistan Cricket Team