| Tuesday, 16th May 2023, 8:11 pm

മാന്‍ ഓഫ് ദി മാച്ചിനെ ഗോള്‍ഡന്‍ ഡക്കാക്കി, പേരുപോലുമറിയാത്ത ഷോട്ട് കളിച്ച ഹൂഡയെ മടക്കി; ഇതാ മുംബൈയുടെ ഗോള്‍ഡന്‍ ബോയ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 63ാം മത്സരത്തിനാണ് ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റി വേദിയാകുന്നത്. മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ഹോം ടീമിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാരും പുറത്തെടുത്തത്.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടാനുള്ള സാഹചര്യം മുംബൈ ഇന്ത്യന്‍സിന് മുമ്പില്‍ തുറന്നിരുന്നു. ക്രിസ് ജോര്‍ദന്‍ എറിഞ്ഞ പന്തില്‍ ഷോട്ട് കളിച്ച ദീപക് ഹൂഡയെ ക്യാച്ച് ചെയ്ത് പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും ടിം ഡേവിഡ് താഴെയിട്ടുകളയുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ തന്നെ ടിം ഡേവിഡ് തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്തിരുന്നു. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അനാവശ്യ ഷോട്ട് കളിച്ച ദീപക് ഹൂഡയെ അനായാസം കയ്യിലൊതുക്കിയാണ് ടിം ഡേവിഡ് മടക്കിയത്. ഏഴ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

പ്രേരക് മന്‍കാദായിരുന്നു ശേഷം കളത്തിലിറങ്ങിയത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ മന്‍കാദില്‍ നിന്നും ആരാധകര്‍ മികച്ച ഒരു ഇന്നിങ്‌സ് തന്നെയായിരുന്നു പ്രതീക്ഷിച്ചത്.

എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബെഹ്രന്‍ഡോര്‍ഫിന് മുമ്പില്‍ പരാജയപ്പെട്ട് താരം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പേസിലും ലെങ്ത്തിലും വിരുത് കാണിച്ച ബെഹ്രന്‍ഡോര്‍ഫ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചാണ് മന്‍കാദിനെ മടക്കിയത്.

അതേസമയം, പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സാണ് ലഖ്‌നൗ നേടിയത്. 14 പന്തില്‍ നിന്നും 16 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും 14 പന്തില്‍ നിന്നും 13 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയുമാണ് ക്രീസില്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ദീപക് ഹൂഡ, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), പ്രേരക് മന്‍കാദ്, ക്രുണാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്‌ണോയി, സ്വപ്‌നില്‍ പാട്ടീല്‍, മൊഹ്‌സിന്‍ ഖാന്‍.

മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, നേഹല്‍ വധേര, ടിം ഡേവിഡ്, ക്രിസ് ജോര്‍ദന്‍, ഹൃതിക് ഷോകീന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ആകാശ് മധ്വാള്‍.

Content Highlight: Jason Behrandorff picks two early wickets in MI Vs LSG match

We use cookies to give you the best possible experience. Learn more