ജസ്‌നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്; സര്‍ക്കാരിനെതിരെ ജസ്‌നയുടെ ബന്ധുക്കള്‍
Kerala News
ജസ്‌നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്; സര്‍ക്കാരിനെതിരെ ജസ്‌നയുടെ ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 11:17 am

പത്തനംതിട്ട: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ ജസ്‌നയുടെ ബന്ധുക്കള്‍. ജസ്നയെ ആരും തട്ടികൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്ന് ജസ്‌നയുടെ സഹോദരന്‍ ജെയ്സ് ചോദിച്ചു.


Also read സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണം; ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിയുടെ പ്രതികരണം


അന്വേഷണം വഴി തിരിച്ചുവിടാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നതായും ജെയ്സ് ആരോപിച്ചു.
തങ്ങളുടെ കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നവയാണ്. നാല് തവണ തന്നെ പോലീസ് ചോദ്യം ചെയ്തിരുന്നു. അതുപോലെ തന്നെ പിതാവ് ജെയിംസിനേയും പല തവണ ചോദ്യം ചെയ്തിട്ടുണ്ട്. മാത്രമല്ല അച്ഛന്‍ നിര്‍മിക്കുന്ന കെട്ടിടത്തിലും പരിസരത്തും പരിശോധന നടത്തി. എത്തിട്ടും യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല.

എന്നാല്‍ ഇപ്പോഴും പൊലീസ് പറയുന്നത് ജസ്‌നയെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നാണ്. എന്നാല്‍, അത് സാധൂകരിക്കാന്‍ കഴിയുന്ന യാതൊരു തെളിവും ഇത്രയും നാള്‍ ആയിട്ടും പോലീസിന് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ജെയ്‌സ് പറഞ്ഞു.


മുത്തലാഖ് വിഷയത്തില്‍ തുറന്ന സമീപനം; സോണിയ ഗാന്ധി, മായാവതി, മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍


ജസ്‌നയുടെ ഫോണിലേക്ക് ഇത്രയധികം തവണ വിളിച്ച സുഹൃത്തിനെ തനിക്ക് സംശയമുണ്ട്. അത് സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ്. എന്നാല്‍ അത്തരത്തില്‍ ഗൗരവമായ അന്വേഷണം നടക്കുന്നില്ല. അമ്മ മരിച്ചതിന്റെ വിഷമം അല്ലാതെ മറ്റ് വിഷമങ്ങളൊന്നും ജസ്ന നേരിട്ടിരുന്നില്ലെന്നും ജെയ്സ് പറഞ്ഞു.

മാര്‍ച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജസ്‌നാ മരിയ ജെയിംസിനെ കാണാതായത്. വീട്ടില്‍നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കുപോയ ജസ്‌നയെ കുറിച്ച് എരുമേലി എത്തിയശേഷം വിവരമൊന്നും ഇല്ല.


Also Read കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; മുഖ്യമന്ത്രിയെന്നത് ഭരണഘടന പദവിയാണ്; പീയുഷ് ഗോയലിനെതിരെ വിമര്‍ശനവുമായി ജി. സുധാകരന്‍


ഇപ്പോള്‍ ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജെസ്‌നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ജസ്‌നയുമായി രൂപസാദൃശ്യമുള്ള കുട്ടിയെ മലപ്പുറത്ത് വെച്ച് കണ്ടതായി ചിലര്‍ അറിയിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

ജസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, തിരുവല്ല, പത്തനംതിട്ട, കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണമെന്ന് പത്തനംതിട്ട എസ്.പി. അഭ്യര്‍ഥിച്ചു.