നഴ്‌സിങ് സമരത്തിന്റെ ക്രഡിറ്റ് ഞങ്ങള്‍ക്കുവേണ്ട, അത് എടുക്കേണ്ടവര്‍ എടുത്തോളൂ; അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരോട് ജാസ്മിന്‍ ഷാ
Kerala
നഴ്‌സിങ് സമരത്തിന്റെ ക്രഡിറ്റ് ഞങ്ങള്‍ക്കുവേണ്ട, അത് എടുക്കേണ്ടവര്‍ എടുത്തോളൂ; അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരോട് ജാസ്മിന്‍ ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jul 21, 04:03 am
Friday, 21st July 2017, 9:33 am

നഴ്‌സിങ് സമരം വിജയിച്ചതിന്റെ ക്രഡിറ്റ് തങ്ങള്‍ക്കുവേണ്ടെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ. അത് എടുക്കേണ്ടവര്‍ എടുത്തോളൂ എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

“എങ്ങും വിജയത്തിന്റെ ക്രഡിറ്റ് ആര്‍ക്ക് എന്നത് സംബന്ധിച്ച ചര്‍ച്ചയാണ്… അത് നടക്കട്ടെ…
ഞങ്ങള്‍ക്കെന്തായാലും ഇപ്പോഴത് വേണ്ട… എടുക്കേണ്ടവര്‍ എടുത്തോള്ളൂ, അവകാശ വാദങ്ങള്‍ ഉന്നയിച്ചോള്ളൂ.. ഞങ്ങള്‍ക്ക് കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ട്, ആരോടും കൂടുതലുമില്ല, കുറവുമില്ല.”

20000 രൂപ കുറഞ്ഞ ശമ്പളമായി നിശ്ചചയിച്ചതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ തങ്ങള്‍ക്ക് അമിതാഹ്ലാദമില്ലെന്നും പറയുന്നു. ഒപ്പം സമരം ചെയ്ത നഴ്‌സുമാര്‍ക്ക് ചില മുന്നറിയിപ്പുകളും അദ്ദേഹം നല്‍കുന്നുണ്ട്.


Must Read: ജനങ്ങളെ അധിക്ഷേപിച്ചു: സൗദി രാജകുമാരനും കൂട്ടാളികളും അറസ്റ്റില്‍


“ഈ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് നിയമപരമായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത് വരെ , ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. എതിരാളികള്‍ കരുത്തരാണ്. അവരുടെ ശക്തിയെ വില കുറച്ച് കാണരുത്. ട്രെയിനിങ് സമ്പ്രദായം പാടെ ഇല്ലാതാക്കപ്പെടേണ്ടത് ഉണ്ട്. നിയമപരമായ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.” അദ്ദേഹം പറയുന്നു.

സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്ന ചില ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് ശക്തമായ മുന്നറിയിപ്പും ജാസ്മിന്‍ ഷാ നല്‍കുന്നു.

“കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രതികാര നടപടിയുടെ ഭാഗമായി 5 നേഴ്സ്സുമാരെ പുറത്താക്കിയതായി ശ്രദ്ധയില്‍പ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തള്ളിക്കളയുന്ന നിലപാടാണ് മാനേജ്‌മെന്റ് ഭാഗത്ത് നിന്നും ഉണ്ടായത്. അടിയന്തിരമായി തിരിച്ചെടുത്തില്ലെങ്കില്‍ സമരമാരംഭിക്കും.” അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

“മുഖ്യമന്ത്രിയുടെ ശമ്പള നിര്‍ദ്ദേശത്തെ തളളി ചില മാനേജ്‌മെന്റ് അസോസിയേഷനുകള്‍ രംഗത്ത് വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഈ മേഖലയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിനേ ഉപകരിക്കൂ എന്ന് ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെ…
പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല ആശുപത്രികളില്‍ നിന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. “തീക്കൊള്ളിക്കൊണ്ട് തലചൊറിയരുത്” എന്നാണ് ഇവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത്.” അദ്ദേഹം പറയുന്നു.

“സഹപ്രവര്‍ത്തകരേ കരുതലോടെ ഇരുക്കുക. ഐക്യം തകര്‍ക്കാന്‍ ചില മുതലാളിമാര്‍ ഇറങ്ങിയിട്ടുണ്ട്” എന്നു പറഞ്ഞാണ് ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.