| Wednesday, 18th May 2022, 8:31 pm

സംഘപരിവാര്‍ വേദിയിലിരുന്നല്ല ഇസ്‌ലാം വിമര്‍ശനം നടത്തേണ്ടത്; ഇസ്‌ലാമിനെ വിമര്‍ശിക്കാം മുസ്‌ലിമിനെ വിമര്‍ശിച്ചിട്ടെന്ത് കാര്യം: ജസ്‌ല മാടശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : മുസ്‌ലിമിനെയും ഇസ്‌ലാമിനേയും രണ്ടായി കാണണമെന്നും സംഘപരിവാര്‍ വേദിയിലിരുന്നല്ല ഇസ്‌ലാം വിമര്‍ശനം നടത്തേണ്ടതെന്നും ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. യുക്തിവാദികളിള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞതിന് തനിക്ക് ജിഹാദി ചാപ്പകിട്ടിയെന്നും ജസ്‌ല പറഞ്ഞു. ഡൂള്‍ന്യൂസില്‍ അന്ന കീര്‍ത്തി ജോര്‍ജുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ജസ്‌ലയുടെ പ്രതികരണം.

എനിക്ക് മത വിമര്‍ശനം നടത്താന്‍ എന്റെ പ്ലാറ്റ്‌ഫോമുകളുണ്ട്. അതിന് എനിക്ക് സംഘപരിവാര്‍ വേദികളില്‍ പോയി പ്രസംഗിക്കേണ്ട കാര്യമില്ല. എനിക്ക് സെക്കുലര്‍ എന്ന് തോന്നുന്ന വേദികളില്‍ മാത്രമേ ഞാന്‍ പോകാറുള്ളൂവെന്നും ജസ്‌ല പറഞ്ഞു.

മുസ്‌ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും ഒരുപോലെ ശത്രുത പുലര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യം ഇവിടെ വളര്‍ന്നുവരുന്നുണ്ട്. മുസ്‌ലിമും ഇസ്‌ലാമിനേയും ഞാന്‍ രണ്ടായിട്ടാണ് കാണുന്നത്. ഇസ്‌ലാമാണ് തെറ്റ്, ഇസ്‌ലാമിനെ വിമര്‍ശിക്കാം മുസ്‌ലിമിനെ വിമര്‍ശിച്ചിട്ടെന്ത് കാര്യം. ഇസ്‌ലാം മത വിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുന്നുണ്ട്. അവര്‍ ഇസ്‌ലാം മതത്തെ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും ജസ്‌ല പറഞ്ഞു.

മുസ്‌ലിങ്ങളെ പൊലീസിലും പട്ടാളത്തിലും എടുക്കരുതെന്ന് സംഘപരിവാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്. ഈ രാജ്യത്തിനായി മരിച്ചുവീണ എത്ര മുസ്‌ലിങ്ങളുണ്ടിവിടെ. പല ആളുകളും സംഘപരിവാരത്തിന്റെ ചാനലില്‍ പോയി ഇസ്‌ലാം മത വിമര്‍ശനം ഉന്നയിക്കുന്നത് കാണുന്നുണ്ട്. ഇതൊന്നും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ജസ്‌ല പറഞ്ഞു.

‘എനിക്ക് ശരിയല്ല എന്ന തോന്നുതൊക്കെ പറഞ്ഞു ശീലിക്കുന്നതുമുതലാണ് ഞാന്‍ മത വിമര്‍ശനം തുടരുന്നത്. ചില വിഷയങ്ങളൊക്കെ അപ്പോഴത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കി മിണ്ടാതിരിക്കാറുണ്ട്. എനിക്ക് കൃത്യമായ നിലപാടുകളും രാഷ്ട്രീയവുമുണ്ട്. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ ഉള്ളതല്ല.

ഏത് മതവിമര്‍ശനം നടത്തുന്നതിനും ഞാന്‍ എതിരല്ല. മതങ്ങള്‍ വിമര്‍ശിക്കപ്പെടണം. പെണ്‍കുട്ടിയെ സ്റ്റേജിജില്‍ കയറിയ വിഷയത്തില്‍ മതത്തിനെ ആരും കുറ്റം പറയുന്നില്ല. ആ ഉസ്താദിനെയാണ് വിമര്‍ശിക്കുന്നത്. ശരിക്ക് അങ്ങനെയല്ല വേണ്ടത്.

മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ്. അത് ഇസ്‌ലാം മതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളുടെ കാര്യത്തിലും അങ്ങനെത്തന്നെയാണ്. മതങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭയമാണ്,’ ജസ്‌ല കൂട്ടിച്ചേര്‍ത്തു.

Content Highlights:  Jasla Madassery says Criticism of Islam should not be made in the Sangh Parivar arena

We use cookies to give you the best possible experience. Learn more