കോഴിക്കോട്: ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കെ.എസ്.യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരി.
വേശ്യയെന്നും ശരീരം വില്‍ക്കുന്നവളെന്നും വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്‌ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.
താനുള്‍പ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ല വീഡിയോയില്‍ ഉള്ളതെന്നും ജസ്‌ല പറഞ്ഞു.
മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫിറോസ് പങ്കെടുത്തതിനെ ജസ്ല അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലാണ് ഫിറോസ് സ്ത്രീകളെ അധിക്ഷേപിക്കുന്ന രിതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചത്.
‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു തനിക്കെതിരെ വിമര്‍ശനം നടത്തിയവര്‍ക്ക് ഫിറോസ് നല്‍കിയ മറുപടി.
മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫിറോസിന് മറുപടിയുമായി ജസ്‌ല എത്തിയത്.
”നമ്മുടെ സമൂഹത്തില്‍ ഏത് വിഷയത്തെ കുറിച്ച് ഏത് സ്ത്രീ സംസാരിച്ചാലും അവര്‍ ഉടനെ വേശ്യയാകും. വിഡ്ഡിയാകും പരവെടിയാകും. ഇത് എല്ലാവരുടേയും കാര്യമാണ്. അസലാമു അലൈക്കും എന്നെല്ലാം പറഞ്ഞ് വലിയ മതത്തിന്റെ ആളായി വന്നിട്ട് ഫിറോസ് എന്താണ് പറയുന്നത്. എന്നെ ഒരാള്‍ വിമര്‍ശിച്ചു, പെണ്ണാണ് വിമര്‍ശിച്ചത്, അവള്‍ വേശ്യയാണ്, അവള്‍ തോന്നിയ പോലെ നടക്കുന്നവളാണ്, അവള്‍ കുടുംബത്തില്‍ പിറക്കാത്തവളാണ്. ഈ തരത്തിലാണ് നന്മമരത്തിന്റെ ഡയലോഗ്.
ഖുറാന്റെ ആയത്ത് ഓതി പടച്ചോന് വേണ്ടിയാണ് ചെയ്യുന്നത് എന്നെല്ലാം പറഞ്ഞ് വരുന്ന നിങ്ങള്‍ക്ക് ഇസ്‌ലാമിന്റെ നിയമം വല്ലതും അറിയുമോ ?
ഒരു സ്ത്രീക്ക് മേല്‍ ലൈംഗിക ആരോപണം ഉന്നയിക്കണമെങ്കില്‍ കുറഞ്ഞത് നാല് പേരെങ്കിലും അവര്‍ അങ്ങനെയുള്ളവരാണെന്നതിന് ദൃക്‌സാക്ഷികളാവണം. അവര്‍ അത് പറയണം. ദൃക്‌സാക്ഷികള്‍ ഇല്ലാതെ ഒരു സ്ത്രീക്ക് മേലും ലൈംഗിക ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. അവര്‍ ആരോ ആയിക്കോട്ടെ.
ഞാനും അങ്ങേരെ കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. ‘ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ല, എന്നെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും വലിച്ചുകേറ്റാന്‍ നോക്കരുത്, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുകഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഫിറോസ് കുന്നംപറമ്പില്‍ അല്ല, ഞാന്‍ നന്മമരം അല്ല എന്നെല്ലാമുള്ള ഡയലോഗുകളായിരുന്നു നന്മമരം പറഞ്ഞുകൊണ്ടിരുന്നത്. ഇങ്ങനെയുള്ള ഒരു വ്യക്തി മുസ്‌ലീം ലീഗിന്റെ തെരഞ്ഞെടുക്ക് പ്രചരണ വേദിയില്‍ ഇരിക്കുന്നത് കാണുമ്പോള്‍ സമൂഹത്തില്‍ ഇടപെടുന്ന ആളെന്ന നിലയ്ക്ക് ഞാനും പ്രതികരിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ ഭാഷയില്‍ പറഞ്ഞ, വേശ്യയാണ് ഇനി നിങ്ങള്‍ക്കെതിരെ ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നതെങ്കില്‍ പോലും ആ സ്ത്രീക്ക് പ്രതികരിക്കാനുള്ള അവകാശം ഇന്ത്യാ രാജ്യത്തില്ലേ? . ഇവിടെ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നു. പിണറായി വിജയനെ വിമര്‍ശിക്കുന്നു. ദൈവങ്ങളെ വരെ വിമര്‍ശിക്കുന്നു. എല്ലാവരേയും വിമര്‍ശിക്കുന്നു. നിങ്ങള്‍ സ്വയം പ്രഖ്യാപിത നന്മമരങ്ങളെ മാത്രം വിമര്‍ശിക്കാന്‍ പാടില്ല. ചെറിയ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ തയ്യാറല്ല. എന്താണ് നിങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്നത്?- വീഡിയോയില്‍ ജസ്‌ല ചോദിക്കുന്നു.
കേരളത്തിലെ സമൂഹത്തിലിടപെടുന്ന ഒരുപറ്റം സ്ത്രീകള്‍ നിങ്ങള്‍ക്കെതിരെ നിയനടപടിക്കൊരുങ്ങിയിരിക്കുകയാണ്. നിങ്ങള്‍ വ്യക്തമായ ഓഡിറ്റിങ്ങിന് തന്നെ വിധേയമാകും. സാമൂഹ്യപ്രവര്‍ത്തനം കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്? നിങ്ങളുടെ പോക്കറ്റില്‍ നിന്ന് എടുത്തല്ല നിങ്ങള്‍ ഈ സേവനം മുഴുവന്‍ ചെയ്യുന്നത്. ഒരുപാട് പേരുടെ നന്മയാണ് മറ്റുള്ളവരില്‍ എത്തിക്കുന്നത്. നിങ്ങളുടെ കയ്യില്‍ തരുന്ന പണം മറ്റുള്ളവരിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ പേരില്‍ നിങ്ങള്‍ പല അവാര്‍ഡുകളും വാങ്ങി. ആളുകള്‍ക്ക് ഉപകാരം കിട്ടുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കും അതില്‍ സന്തോഷം.
എന്നാല്‍ നിങ്ങളുടെ വാക്കിലും പ്രവര്‍ത്തിയിലും അഹങ്കാരവും പുച്ഛവും കൂടിയിരിക്കുന്നു. നിങ്ങള്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. നിങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ആളാണ് എന്ന് പറയുകയും ആ സോഷ്യല്‍മീഡിയില്‍ വന്നിട്ട് രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ലെന്ന് പറയുകയും ചെയ്യുന്നു. എന്നാല്‍ വാക്കൊന്നും പ്രവര്‍ത്തിയൊന്നും ആകുമ്പോള്‍ സമൂഹത്തിലുള്ളവര്‍ നിങ്ങളെ ചോദ്യം ചെയ്യും. നിങ്ങള്‍ ഓഡിറ്റിങ്ങിന് വിധേയമാകും. -ജസ്‌ല മാടശ്ശേരി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
നിങ്ങള്‍ നന്മ ചെയ്യുക മുന്നോട്ട് പോകുക അതിനുള്ളത് നിങ്ങള്‍ക്ക് കിട്ടും. തോന്നിയപോലെ സ്ത്രീകള്‍ക്കെതിരെ അനാവശ്യവാക്കുകള്‍ നിങ്ങള്‍ ഉപയോഗിച്ചെങ്കില്‍ അതിനുള്ള നിയമപരമായി നടപടിയുമായി ഞങ്ങള്‍ മുന്നോട്ടുപോകും. നിങ്ങളുടെ ഭാഷയും സംസ്‌ക്കാരവും ഇന്നത്തെ നിങ്ങളുടെ ലൈവോടെ കേരള ജനതയ്ക്ക് മനസിലായെന്നും ജസ്‌ല വീഡിയോയില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ