| Sunday, 3rd September 2017, 8:04 am

നഴ്‌സിംഗ് സംഘടനയിലും ജിഹാദി ഭീകരവാദികളെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്; ചുട്ട മറുപടിയുമായി ജാസിംഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയാള്‍ക്ക് മറുപടിയുമായി യു.എന്‍.എ നേതാവ് ജാസിംഷാ. മറ്റു പല സംഘടനകളില്‍ കയറിക്കൂടിയ പോലെ ജിഹാദി ഭീകരവാദികള്‍ നഴ്‌സിംഗ് സംഘടനയിലും കയറി കൂടിയിട്ടുണ്ടെന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥിന്റെ പ്രസ്താവനയ്ക്കാണ് ജാസിംഷാ മറുപടിയുമായെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഇയാളുടെ പ്രസതാവന. “കേരളത്തില്‍ ഏറ്റവുമധികം മെഡിക്കല്‍ കോളേജുകള്‍ നടത്തുന്നത് മുസ്ലിം മാനേജ്‌മെന്റുകളാണ്. എന്നാല്‍ അതിനെതിരെ സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സംഘടനാ നേതാക്കള്‍ തയ്യാറാകാത്തത് ദുരൂഹമാണ് … അതിനാല്‍ അവകാശ പോരാട്ടങ്ങള്‍ തുടരുന്നതോടൊപ്പം ജിഹാദി ഭീകരത മനസ്സില്‍ വച്ച് കയറികൂടിയവരുടെ ഉപകരണങ്ങളായി തീര്‍ന്നാല്‍ ഒരു പ്കഷെ ഭാവിയില്‍ ദുഖിക്കേണ്ടി വന്നേക്കാം. ഹിന്ദു ഹോസ്പിറ്റലുകളെ തകര്‍ക്കാന്‍ ഹിന്ദു – ക്രിസ്ത്യന്‍ നഴ്‌സുമാരെ ഉപയോഗിക്കുക എന്നതാണ് ഇസ്ലാമിക ജിഹാദി തന്ത്രം”. എന്നായിരുന്നു ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒരു മറുപടി പോലും ഇത്തരം പോസ്റ്റുകള്‍ അര്‍ഹിക്കുന്നില്ല എങ്കിലും ചില വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാലാണ് ഒരു പോസ്റ്റ് എഴുതണം എന്ന് തീരുമാനിച്ചത്. എന്നു പറഞ്ഞാണ് ജാസിംഷാ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

“വര്‍ഗീയത മുതലാളിത്തതിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്കും ജാതിയും, മതവും, ദൈവവുമെല്ലാം ഉണ്ട് ചേട്ടാ.മാന്യമായ കൂലിയും, ഷിഫ്റ്റും, സര്‍ക്കാര്‍ അനുശാസിക്കുന്ന സേവന-വേതന വ്യവസ്ഥകള്‍ നടപ്പിലാക്കിയ സ്ഥലങ്ങളില്‍ ഒന്നും ഞങ്ങള്‍ സമരം ചെയ്യാറില്ല. നിയമ വിരുദ്ധമായി പിരിച്ചു വിട്ടനേഴ്‌സുമാരെ തിരിച്ചെടുക്കുകയും, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ മാത്രം തരാമെന്ന് രേഖാമൂലം ലേബര്‍ ഉദ്യോഗസ്ഥര്‍ മുന്‍പാകെ വന്ന് ഒപ്പിട്ടു തന്നാല്‍ അപ്പോള്‍ തീരും നടക്കുന്ന സമരങ്ങള്‍. അതിന് വേണ്ടി വിരലനക്കിയാല്‍ ,അല്ലെങ്കില്‍ സമര പന്തല്‍ ഒന്ന് സന്ദര്‍ശിച്ച് സമര ഭടന്മാരുടെ ആവശ്യങ്ങള്‍ കേട്ട ശേഷമാണ് ന്യായമല്ല എന്ന് തോന്നിയാല്‍ ഇത്തരം പോസ്റ്റിട്ടാല്‍ അതിനൊരു രസമുണ്ടായിരുന്നു ചേട്ടാ.” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Also Read:  ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുള്ള അംഗീകാരമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം 


ഞങ്ങള്‍ സമരം ചെയ്യുമ്പോള്‍ അതിന്റെ ഉടമയുടെ ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം ഇതൊന്നും നോക്കാറില്ല. ഞങ്ങള്‍ക്ക് മുന്നില്‍ അവരുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ മാത്രമാണ് ഉണ്ടാവുക സുഹ്യുത്തെ. പണം കൊടുത്ത് വാങ്ങാവുന്ന ഒന്നായി ചിലരുടെ നിലപാടുകള്‍ എന്നത് അങ്ങേയറ്റം അപലപനീയമാണ്.18 ലക്ഷത്തോളം വരുന്ന നേഴ്‌സുമാര്‍ ഇന്ന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ ശ്രമിക്കുന്നത് തന്നെ ഈ മുതലാളിത്ത കോര്‍പ്പറേറ്റ് – മത നേത്യത്യങ്ങള്‍ നടത്തുന്ന ആശുപത്രികള്‍ ചൂഷണത്തിന്റെ അങ്ങേയറ്റം പിന്നിട്ടതിന് ശേഷമാണ്.അതിനാല്‍ ഈ അരി ഇവിടെ വേവില്ലെന്നും ജാസിംഷാ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

We use cookies to give you the best possible experience. Learn more