ന്യൂദല്‍ഹി: വടക്കന്‍ ഗുജറാത്തില്‍ നിന്നും ആരംഭിക്കുന്ന ഇന്ത്യ-പാക് സമാധാനപദയാത്രയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നും.
സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്ന
സാഹചര്യത്തിലാണ് സമാധാനപദയാത്രയുമായി യെശോദ ബെന്‍ എത്തിയിരിക്കുന്നത്.
ഈ മാസം 19ന് അഹമ്മബാദില്‍ നിന്നും യാത്ര ആരംഭിച്ചുകഴിഞ്ഞു. അതിര്‍ത്തി പ്രദേശമായ ബനാസ്‌കന്ത ജില്ലയിലാണ് യാത്ര അവസാനിക്കുന്നത്.
പതാന്‍ ജില്ലയിലെ സിഹിയില്‍ വെച്ച് യാത്രയ്‌ക്കൊപ്പം ചേരുമെന്ന് യശോദ ബെന്നും അവരുടെ സഹോദരന്‍ അശോക് മോദിയും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അതിരുകള്‍ എപ്പോഴും സമാധാനപരമായിരിക്കണമെന്നും യുദ്ധഭീതി അവിടെ നിന്നും അകലണമെന്നുമാണ് യെശോദ ബെന്‍ പറഞ്ഞത്. യുദ്ധം വേണ്ട സമാധാനം വേണം. അതാണ് തങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമെന്നും യശോദ ബെന്‍ പറയുന്നു.
അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അവസാനിക്കണം. നമ്മുടെ ജവാന്‍മാരുടെ വിലപ്പെട്ട ജീവന്‍ ഇനി പൊലിയാന്‍ പാടില്ലെന്നാണ് യശോദ ബെന്‍ പറഞ്ഞതെന്ന് സാമൂഹ്യ പ്രവര്‍ത്തകനും യാത്രയുടെ സംഘാടകനുമായ സന്ദീപ് പാണ്ഡെ പറഞ്ഞു.
ഞങ്ങളുടെ കോഡിനേറ്ററായ കൗസര്‍ അലിയാണ് യശോദ ബെന്നിന്റെ പിന്തുണ ആവശ്യപ്പെട്ടത്. യാത്രയുടെ ഉദ്ദേശം മനസിലാക്കിയതോടെ അവര്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി എത്തുകയായിരുന്നു. ഒന്നരമണിക്കൂര്‍ ഞങ്ങള്‍ക്കൊപ്പം യെശോദ ബെന്‍ പദയാത്രയില്‍ ഉണ്ടാകും. – സന്ദീപ് പാണ്ഡെ പറയുന്നു.
അഹമ്മദാബാദ്, ഗാന്ധിനഗര്‍, മേഹ്‌സന, പതാന്‍ തുടങ്ങി അഞ്ച് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. കേന്ദ്രത്തിന്റേയും ബി.ജെ.പിയുടെയും പാക്കിസ്ഥാന്‍ വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ലെന്നും മോദി സര്‍ക്കാരിന്റെ പല പദ്ധതികളും ജനവിരുദ്ധമാണെന്നും ഇവര്‍ ആരോപിക്കുന്നു.
അതേസമയം യാത്രയില്‍ പങ്കെടുക്കാനുള്ള യെശോദബെന്നിന്റെ തീരുമാനം സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്
രണ്ട് ആവശ്യങ്ങളാണ് പദയാത്രയിലൂടെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ മുന്നോട്ടുവെക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ഗുജറാത്തിലേക്കുള്ള റോഡ് ആരംഭിക്കണമെന്നാണ് ഒന്ന്. “”പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു സംസ്ഥാനം ഗുജറാത്താണ്. മറ്റൊരു ഭാഗത്തൂടേയും പാക്കിസ്ഥാനിലേക്ക് നേരിട്ട് പ്രവേശനമില്ല.
പഞ്ചാബ് ,രാജസ്ഥാന്‍, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ കുറഞ്ഞത് ഒരു റോഡ് മാത്രമേ പാക്കിസ്ഥാനില്‍ എത്താന്‍ ഉള്ളൂ. 1972 വരെ പാക്കിസ്ഥാനിലേക്ക് നേരിട്ട് ബസ് സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കണമെന്ന് പറഞ്ഞ്
അന്ന് റോഡ് അടക്കുകയായിരുന്നെന്നും പാണ്ഡെ പറയുന്നു.
നിരവധി ബന്ധുക്കള്‍ അതിര്‍ത്തി പ്രദേശത്തും മറ്റുമായി ഉണ്ട്. അവരെല്ലാം വിസ നേടി ദല്‍ഹിയില്‍ എത്തുകയും വാഗ അതിര്‍ത്തി വഴി നാട്ടിലെത്തുകയുമാണ്. അതിന് ഒരു മാറ്റം വരണം. മറ്റൊരാവശ്യം അഹമ്മദാബാദില്‍ ഒരു പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് വരണമെന്നാണ്.
നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലാകുന്നുണ്ട്. എന്നാല്‍ അറസ്റ്റിലായവരെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭ്യമാകുന്നില്ല. അവര്‍ അറസ്റ്റിലായതാണോ അതോ അവര്‍ക്ക് മറ്റെന്തെങ്കിലും സംഭവിച്ചോ എന്നുപോലും അറിയില്ല.
ദല്‍ഹിയിലെ പാക്കിസ്താന്‍ ഹൈ കമ്മീഷനുമായി ബന്ധപ്പെട്ടാല്‍ മാത്രമേ എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാകൂ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് അതിന് പലപ്പോഴും സാധിക്കാറില്ലെന്നും പാണ്ഡെ പറയുന്നു.
ഞങ്ങളുടെ യാത്രയില്‍ എല്ലാ ജാതിയില്‍പ്പെട്ടവരും ഉണ്ട്. എല്ലാ മതക്കാരുമുണ്ട്. വിവിധ തൊഴില്‍ ചെയ്യുന്നവരുണ്ട്. എല്ലാവരുടേയും ആവശ്യം ഇരുരാജ്യങ്ങള്‍ക്കിടയിലും സമാധാനം സ്ഥാപിക്കണമെന്നാണ്- പാണ്ഡെ പറയുന്നു.