ജസീറയുടെ സമരം നിശ്ചയദാര്‍ഢ്യമാണ്; വിജയം വരെ സമരം തുടരും: എം. സുല്‍ഫത്ത്
Discourse
ജസീറയുടെ സമരം നിശ്ചയദാര്‍ഢ്യമാണ്; വിജയം വരെ സമരം തുടരും: എം. സുല്‍ഫത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2013, 5:49 pm

നമ്മുടെ നാട്ടില്‍ നടക്കുന്നത് വിഭവ ധൂര്‍ത്താണ്. വികസനമെന്നാല്‍ വലിയ കെട്ടിടങ്ങളും മറ്റുമാണെന്നാണ് ധാരണ. ഇതിനായ പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നു. ഇത് തീരുമ്പോള്‍ നാം മറ്റ് ബദല്‍ ശ്രോതസ്സുകള്‍ തേടിപ്പോകും. ജസീറയുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ നാം ചിന്തിക്കേണ്ടുന്ന കാര്യം ഇങ്ങനെ പുന:സൃഷ്ടിക്കാന്‍ സാധിക്കാത്ത ഇത്തരം വിഭവങ്ങളുടെ ധൂര്‍ത്തിനെ കുറിച്ചാണ്.

പക്ഷം; പ്രതിപക്ഷം/ എം. സുല്‍ഫത്ത്

തയ്യാറാക്കിയത് / നസീബ ഹംസ

മണല്‍ കടത്തിനെതിരെ ജസീറയുടെ സമരം സെക്രട്ടറിയേറ്റും കടന്ന് പാര്‍ലമെന്റ് പടിക്കലേക്ക് നീങ്ങുകയാണ്. ജീവനും പരിസ്ഥിതിക്കും വേണ്ടി ഒരു സത്രീ ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടത്തെ അധികാരികള്‍ ഏതൊക്കെ വിധത്തില്‍ അവഗണിക്കുന്നു എന്നതിന്റെ സമകാലിക കാഴ്ച്ചയാണ് ജസീറയുടെ സമരം.

ജസീറയുടെ സമരത്തെ കുറിച്ച് എം. സുല്‍ഫത്തുമായി ഡൂള്‍ ന്യൂസ് നടത്തിയ അഭിമുഖം

? പൂഴി ക്ഷാമം ഇന്ന് വലിയ പ്രതിസന്ധിയായാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂഴി ആവശ്യമാണെന്നിരിക്കേ ഒരു ശ്രോതസ്സായ കടല്‍ മണല്‍ എടുക്കുന്നതിനെ എതിര്‍ക്കാമോ

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂഴി അനിവാര്യമാണ് എന്നത് വാസ്തവമാണ്. എന്നാല്‍ കടല്‍ മണല്‍ നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഈയടുത്ത കാലത്ത് തുടങ്ങിയതാണ്.

ആദ്യകാലങ്ങളില്‍ കടല്‍മണ്ണ് മായം ആയാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കെട്ടിട നിര്‍മാണത്തിന് നേരിട്ട് കടല്‍ മണല്‍ എടുക്കുകയാണ്. പക്ഷേ, ഇത് കെട്ടിടങ്ങളുടെ ഉറപ്പിനെ ബാധിക്കും. ഇക്കാര്യം വിദഗ്ധരായ എഞ്ചിനീയര്‍മാര്‍ വരെ സമ്മതിച്ചതാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വീട് വെച്ച് ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. ഇതിനെ തടയാന്‍ പിന്നീട് വീടിന് മുകളില്‍ അലൂമിനിയം റൂഫും മറ്റും സ്ഥാപിക്കുകയാണ് ചെയ്യുന്നത്. കടല്‍ പൂഴി ഉപയോഗിച്ച് നിര്‍മിക്കുന്നതിന്റെ പ്രശ്‌നമാണിത്.

നമ്മുടെ നാട്ടില്‍ നടക്കുന്നത് വിഭവ ധൂര്‍ത്താണ്. വികസനമെന്നാല്‍ വലിയ കെട്ടിടങ്ങളും മറ്റുമാണെന്നാണ് ധാരണ. ഇതിനായ പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നു. ഇത് തീരുമ്പോള്‍ നാം മറ്റ് ബദല്‍ ശ്രോതസ്സുകള്‍ തേടിപ്പോകും. ജസീറയുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ നാം ചിന്തിക്കേണ്ടുന്ന കാര്യം ഇങ്ങനെ പുന:സൃഷ്ടിക്കാന്‍ സാധിക്കാത്ത ഇത്തരം വിഭവങ്ങളുടെ ധൂര്‍ത്തിനെ കുറിച്ചാണ്. കേരളത്തില്‍ എത്രയോ വീടുകള്‍ ഉപയോഗശൂന്യമായി പൂട്ടിക്കിടക്കുന്നുണ്ട്. മറ്റ് വികസിത രാജ്യങ്ങളില്‍ ഇങ്ങനെ ഉപയോഗശൂന്യമായ വീടുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് താമസയോഗ്യമാക്കുകയാണ് ചെയ്യുന്നത്. അവിടെ നിര്‍മാണത്തിന് നിയന്ത്രണമുണ്ട്. ഇവിടെ അതില്ല. വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാനാണ്  നാം ശ്രമിക്കുന്നത്. പുനരുത്പാദിപ്പിക്കാന്‍ സാധിക്കുന്ന വിഭവങ്ങളിലേക്ക് നാം തിരിച്ച് പോകേണ്ടിയിരിക്കുന്നു.

?  പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേയും കൊണ്ടാണ് ജസീറയുടെ സമരം. അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നു എന്നതാണ് ഈ സമരത്തിനെതിരെയുള്ള ആരോപണം

ഈ ആരോപണം തെറ്റാണ്. ജസീറയുടെ രണ്ട് കുട്ടികളും ഇപ്പോള്‍ തിരുവനന്തപുരത്തെ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ ജസീറയ്‌ക്കൊപ്പം സമരത്തിന് എത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം പെട്ടന്ന് അവസാനിക്കില്ലെന്ന് മനസ്സിലായപ്പോള്‍ തന്നെ ജസീറ കുട്ടികളുടെ ടി.സി വാങ്ങി തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇത് കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം തകരുകയൊന്നുമില്ല. ഇവിടെയുള്ള പല സര്‍ക്കാര്‍ ജീവനക്കാരുടെയും മക്കളും രക്ഷിതാക്കളുടെ സ്ഥലം മാറ്റം അനുസരിച്ച് പലയിടങ്ങളിലായാണ് പഠിക്കുന്നത്. അവരുടെ വിദ്യാഭ്യാസത്തെ ഈ സ്ഥലം മാറ്റം ബാധിക്കാറില്ലല്ലോ. പിന്നെ ജസീറയുടെ കുട്ടികള്‍ ജസീറ ഉയര്‍ത്തുന്ന പരിസ്ഥിതി വിഷയങ്ങളെ കുറിച്ച് ബോധവാന്മാരാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അവര്‍ തിരിച്ചറിയുന്നുണ്ട്. ക്ലാസ് മുറിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇത്തരം അനുഭവങ്ങളിലൂടെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതൊന്നുമല്ലാതെ തന്നെ, നമ്മുടെ നാട്ടില്‍ സ്‌കൂളില്‍ പോകാതെ തന്നെ പത്താം തരം പരീക്ഷ എഴുതാന്‍ സാധിക്കും. അപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം ഒരു പ്രശ്‌നമായി ഉന്നയിക്കുന്നതില്‍ കാര്യമില്ല.

ആധുനിക കാലത്ത് പുനരുത്പാദിപ്പിക്കാന്‍  കഴിയുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് വേണം വികസനം കൊണ്ടുവരാന്‍. ചട്ടിയില്‍ ചെടി നട്ട് പരിപാലിക്കുന്നതാണ് അബ്ദുല്ലക്കുട്ടിയുടെ പരിസ്ഥിതി ബോധം.

? സ്ഥലത്തെ എം.എല്‍.എയായ ടി.വി രാജേഷ് ജസീറയുടെ സമരത്തെ അനുകൂലിക്കുന്നു. അബ്ദുല്ലക്കുട്ടി എം.എല്‍.എ എതിര്‍ക്കുന്നു. രണ്ട് പൊതു പ്രവര്‍ത്തകര്‍ ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലാപാട് സ്വീകരിക്കുന്നു. ഇതിനെ കുറിച്ച്

ടി.വി രാജേഷ് പ്രദേശത്തെ എം.എല്‍.എയാണ്. ജസീറയ്ക്ക് മുമ്പേ ഈ പ്രശ്‌നം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അതിനാല്‍ ജസീറ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ന്യായമുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചു. പക്ഷേ, പരിസ്ഥിതിയെ കുറിച്ച് വിരുദ്ധ കാഴ്ച്ചപ്പാടാണ് അബ്ദുല്ലക്കുട്ടിക്കുള്ളത്. ഇതേ കാഴ്ച്ചപ്പാടാണ് മറ്റ് പല കാര്യങ്ങളിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.

നാല് വരിപാതയെയും ആണവനിലയത്തേയും അദ്ദേഹം അനുകൂലിക്കുന്നു. വികസനം വരേണ്ടത് ആണവനിലയങ്ങളിലൂടെയോ മറ്റോ അല്ല. ഫുകുഷിമയില്‍ ആണവ ദുരന്തമുണ്ടായതിനെ തുടര്‍ന്ന് ആണവനിലയങ്ങള്‍ അടച്ചുപൂട്ടി. വികസിത രാജ്യങ്ങളെല്ലാം തന്നെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുമ്പോഴാണ് ഇന്ത്യയില്‍ അതിന് വേണ്ടി മുറവിളികൂട്ടുന്നത്. വൈദ്യുതിക്ക് ആണവം നിലയം മാത്രമല്ലല്ലോ പോംവഴി. കാറ്റിലൂടെയും സൗരോര്‍ജത്തിലൂടെയും വൈദ്യുതി ഉത്പാദിപ്പിക്കാം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെയുള്ള ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാകില്ല. ആധുനിക കാലത്ത് പുനരുത്പാദിപ്പിക്കാന്‍  കഴിയുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് വേണം വികസനം കൊണ്ടുവരാന്‍. ഇതൊന്നും കാണാതെയുള്ള അബ്ദുള്ളക്കുട്ടിയുടെ നിലപാട് കഷ്ടം എന്നേ പറയാനുള്ളൂ.

? പൂഴിക്ഷാമം നേരിടാനുള്ള പലവഴികളില്‍ ഒന്നാണ് കടല്‍ മണ്ണ് എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. മനുഷ്യനും പ്രകൃതിക്കും വികസനത്തിനും വേണ്ടി നിയമം ഭേദഗതി ചെയ്യാമെന്നും അദ്ദേഹം പറയുന്നു.

കാലങ്ങളായി ഉപയോഗിക്കുന്ന വിഭവങ്ങള്‍ തീരുമ്പോഴാണ് മനുഷ്യര്‍ പുതിയ വിഭവങ്ങള്‍ തേടുന്നത്. പല കാര്യങ്ങളിലും പണ്ട് ഉണ്ടായിരുന്ന കാഴ്ച്ചപ്പാടല്ല ഇന്നുള്ളത്. കാലങ്ങള്‍ക്കനുസരിച്ച് നിയമങ്ങളും ഭേദഗതികളും ഉണ്ടാകും. മുമ്പ് വനം പ്രകൃതി നമുക്ക് നല്‍കിയ വിഭവമാണെന്നായിരുന്നു നാം പഠിച്ചത്. വനത്തില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ നാം ഉപയോഗിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്ന് വനത്തെ നാം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കടലിലെ മീനുകള്‍ പ്രകൃതി നമുക്ക് നല്‍കുന്ന വിഭവമാണെന്ന് പറഞ്ഞ് ട്രോളിങ് നിരോധനമൊക്കെ എടുത്തുകളഞ്ഞാല്‍ എങ്ങനെയിരിക്കും. അപ്പോള്‍ ചില നിയന്ത്രണങ്ങള്‍ നമുക്ക് ആവശ്യമാണ്.

പിന്നെ അബ്ദുള്ളക്കുട്ടി പറയുന്നത് പോലെ കടല്‍ മണല്‍ പ്രകൃതി വിഭവമല്ല. കടല്‍ പൂഴി ശുദ്ധീകരിക്കാന്‍ എത്ര കോടി ലിറ്റര്‍ വെള്ളം വേണമെന്നോ ഇതിന് എത്ര വൈദ്യുതി വേണമെന്നോ ആലോചിക്കുന്നില്ല. ഇത് ഉപയോഗിച്ചാല്‍ തീരുന്നതാണെന്നോ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നതാണോ എന്നും ആലോചിക്കുന്നില്ല. ചട്ടിയില്‍ ചെടി നട്ട് പരിപാലിക്കുന്നതാണ് അബ്ദുല്ലക്കുട്ടിയുടെ പരിസ്ഥിതി ബോധം.

ഒരു സമരത്തിന് കുടുംബത്തിന്റെ പിന്തുണ അനിവാര്യമല്ല. കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ സമരം വിജയിക്കാതിരിക്കില്ല.  ജസീറയെ പിന്തുണക്കുന്ന ആളുകളും അവിടെയുണ്ട്. പലരും പരസ്യമായി രംഗത്ത് വരാന്‍ മടിക്കുന്നുണ്ട്. മണല്‍കടത്തിനെ അവര്‍ എതിര്‍ക്കാത്തത് നിസ്സഹായവസ്ഥ കൊണ്ടാണ്.

jaseera-2

[]? ജസീറയുടെ സമരത്തിന് കുടുംബത്തിന്റെയും നാട്ടുകാരുടേയും പിന്തുണയില്ലെന്ന് വിമര്‍ശിക്കുന്നുണ്ടല്ലോ

ഈ ആരോപണത്തിന് മറുപടി അര്‍ഹിക്കുന്നില്ല. ഒരു സമരത്തിന് കുടുംബത്തിന്റെ പിന്തുണ അനിവാര്യമല്ല. കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ സമരം വിജയിക്കാതിരിക്കില്ല.

പിന്നെ ആ പ്രദേശത്ത് മണല്‍ വിറ്റ് ജീവിക്കുന്ന ഒരു വിഭാഗം നാട്ടുകാരുണ്ട്. കൂടാതെ ജസീറയുടെ സമരത്തിനെതിരെ നാട്ടുകാരെ തിരിക്കുന്നതിനായി അവിടെ ക്യാമ്പെയിനിങ്ങും നടക്കുന്നുണ്ട്. ഉദാഹരണത്തിന് ജസീറയുടെ സമരം മൂലം സ്ഥാപിതമായ പോലീസ് എയ്ഡ് പോസ്റ്റ് നാടിന് നാണക്കേടാണ് എന്നും മറ്റുമുള്ള പ്രചരണം. മണല്‍ മാഫിയയാണ് ഇതിന് പിന്നില്‍.

ജസീറയെ പിന്തുണക്കുന്ന ആളുകളും അവിടെയുണ്ട്. പലരും പരസ്യമായി രംഗത്ത് വരാന്‍ മടിക്കുന്നുണ്ട്. മണല്‍കടത്തിനെ അവര്‍ എതിര്‍ക്കാത്തത് നിസ്സഹായവസ്ഥ കൊണ്ടാണ്.

?  കേരളത്തിന്റെ പല ഭാഗത്തും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പല സമരങ്ങള്‍ നടക്കുന്നുണ്ട്. അവിടെയൊക്കെ പ്രദേശത്തെ ജനങ്ങളാണ് സമരം ചെയ്യുന്നത്. ഇവിടെ നമ്മുടെ ഇന്നത്തെ അവസ്ഥയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു സമരം നടത്തുകയാണ്. അതും ഒരു വലിയ പരിസ്ഥിതി പ്രശ്‌നം ഉന്നയിച്ച് കൊണ്ട്. സമരത്തെ അനുകൂലിക്കുന്നവര്‍ ഉണ്ടെങ്കിലും ഇവര്‍ പ്രത്യക്ഷത്തില്‍ വരാതിരിക്കാനുള്ള കാരണം എന്തായിരിക്കും.

ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, ഒറ്റയ്ക്ക് ഒരു സ്ത്രീ നടത്തുന്ന സമരം. അതിനെ പിന്തുണയ്ക്കാന്‍ നമ്മുടെ പുരുഷാധിപത്യ സമൂഹം തയ്യാറാവണമെന്നില്ല. പിന്നെ പിന്തുണയ്ക്കാനുള്ള ധൈര്യവും പലര്‍ക്കുമില്ല.

രണ്ടാമത്, കാതിക്കുടത്തും മറ്റും ഒരു മൂവ്‌മെന്റിന്റെ ഭാഗമായാണ് സമരം നടക്കുന്നത്. ഇവിടെ ജസീറ ഒറ്റയ്ക്ക് തീരുമാനിച്ച് ഒറ്റയ്ക്ക് സമരം നടത്തുകയാണ്.

jaseera-3? ജസീറയുടെ സമരത്തെ തുടര്‍ന്നാണ് പ്രദേശത്ത് പോലീസ് എയ്ഡ് പോസ്റ്റ് വന്നത്. ജസീറയുടെ സമരം ഇപ്പോഴും തുടരുന്നു. എയ്ഡ് പോ്സ്റ്റ് ഉണ്ടായിട്ടും തലച്ചുമടായി മണല്‍കടത്തുകയാണ്. സര്‍ക്കാരിന്റെ വീഴ്ച്ചയല്ലേയിത്

എയ്ഡ് പോസ്റ്റ് വന്നതോടെയാണ് വാഹനങ്ങളില്‍ മണല്‍ കടത്തുന്നത് ഇല്ലാതായത്. അതിന് ശേഷമാണ് തലച്ചുമടായി കടത്താന്‍ തുടങ്ങിയത്. അത് തുടരുന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ വീഴ്ച്ച തന്നെയാണ്. ജസീറയുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടിട്ടാണ് തഹസില്‍ദാര്‍ അനധികൃത മണല്‍ പിടിച്ചെടുക്കാന്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്. എന്നാല്‍ പിടിച്ചെടുത്ത മണല്‍ വീണ്ടും കടലിലേക്ക് ഇടാന്‍ സാധിച്ചില്ല. ജനങ്ങള്‍ എതിര്‍ത്തത് കൊണ്ടാണ് എന്നാണ് പറയുന്നത്. നിയമം നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വീഴ്ച്ച തന്നെയാണ്. ജനകീയ പ്രശ്‌നങ്ങളെ അവഗണിച്ച് സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണിത്.

? നേതാക്കളും അധികാരികളും സമരത്തിനെ ഒരുപോലെ എതിര്‍ക്കുന്നു. ജസീറയുടെ ഒറ്റയാള്‍ സമരം എത്ര നാള്‍ നില്‍ക്കും എന്നതില്‍ ആശങ്കയില്ലെ

കേരളത്തിലെ എല്ലാ ജനകീയ സമരങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും എതിര് തന്നെയാണ്. ചില അവസരങ്ങളില്‍ സമരത്തെ അനുകൂലിക്കുന്നു എന്ന് തോന്നുമെങ്കിലും അങ്ങനെയല്ല.

?ജസീറയുടെ ഒറ്റയാള്‍ സമരത്തിന് മാധ്യമശ്രദ്ധ എല്ലായ്‌പോഴും ലഭിച്ചെന്ന് വരില്ല

ജസീറയുടെ സമരം അവരുടെ നിശ്ചയദാര്‍ഢ്യമാണ്. ജസീറയുടെ സമരത്തിന് അനുകൂലമായി സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് വരെ അവര്‍ സമരം തുടരുമെന്നാണ് വിശ്വസിക്കുന്നത്. വ്യവസ്ഥാപിത സമരങ്ങളാണ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുക. മീഡിയ ഇട്ടിട്ട് പോയാലും ജസീറ സമരം തുടരുക തന്നെ ചെയ്യും. മീഡിയ കവറേജിന് വേണ്ടിയല്ലല്ലോ അവര്‍ സമരം നടത്തുന്നത്. അത് ജസീറയുടെ തീരുമാനമാണ്.