[share]
[] തിരുവനന്തപുരം: മക്കളെ ബലമായി പിടിച്ചുകൊണ്ടു പോയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജസീറ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. മക്കളായ മുഹമ്മദ്, റിസ്‌വാന, ഷിഫാന എന്നിവരോടൊത്താണ് ജസീറ സമരം ആരംഭിച്ചത്.
ജസീറയുടെ സമരങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം ഹനിയ്ക്കുന്നു എന്ന വാദവുമായാണ് ശിശുക്ഷേമ സമിതി കുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോയത്.
തുടര്‍ന്ന് കുട്ടികളെ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേയ്ക്കും അവിടെ നിന്ന് യതീംഖാനയിലേയ്ക്കും മാറ്റുകയായിരുന്നു. തന്റെ കുട്ടികളെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കാക്കനാട്ട് സമിതി ഓഫീസിനു മുമ്പില്‍ ജസീറ ഞായറാഴ്ച്ച കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
ചില്‍ഡ്രന്‍സ് ഹോം കവാടത്തിലെത്തി കുട്ടികളെ ഏറ്റുവാങ്ങണമെന്ന് പൊതുപ്രവര്‍ത്തകരും നാട്ടുകാരും അഭ്യര്‍ത്ഥിച്ചെങ്കിലും ജസീറ ചെവിക്കൊള്ളാതിരുന്നതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍ ജസീറ ഇരിക്കുന്നിടത്തേക്ക് വന്ന് കുട്ടികളെ കൈമാറുകയും ചെയ്തിരുന്നു.
കുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോയ ശിശുക്ഷേമ സമിതിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നായിരുന്നു ജസീറ അന്ന് പറഞ്ഞിരുന്നത്.
മാതാപിതാക്കള്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ കുട്ടികളെ യതീംഖാനയിലേയ്ക്ക് മാറ്റിയ നടപടി ശരിയല്ലെന്നും സമരത്തിന് കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് എഴുതിക്കൊടുക്കാന്‍ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും ജസീറ പറഞ്ഞിരുന്നു.