[] കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് എതിരായ സമരം പിന്‍വലിച്ചതിനൊടുവില്‍ പനമ്പിള്ളി നഗറിലെ മനോരമ ഓഫീസിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരവും ജസീറ അവസാനിപ്പിച്ചു.
പുലര്‍ച്ചെ നാല് മണി മുതലാണ് ജസീറ അപ്രത്യക്ഷയായത്. വ്യക്തിഹത്യക്കെതിരായാണ് തന്റെ സമരമെന്നും ആ വാര്‍ത്ത പത്രത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജസീറ മനോരമ ഓഫീസിന് മുന്നില്‍ സമരം തുടങ്ങിയത്.
ഇന്നലെയാണ് ജസീറ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ നടത്തിവന്ന സമരം ജസീറ അവസാനിപ്പിച്ചത്.
മണല്‍മാഫിയക്കെതിരെ സമരം നടത്തിയതിന് പാരിതോഷികമായി പ്രഖ്യാപിച്ച തുക പിന്‍വലിച്ചതോടെയാണ് ജസീറ സമരത്തില്‍ നിന്ന് പിന്‍മാറിയത്.
ചിറ്റിലപ്പള്ളി ഒന്നുകില്‍ പണം തനിക്ക് നല്‍കണമെന്നും അല്ലെങ്കില്‍ പാരിതോഷികം പിന്‍വലിച്ചതായി പ്രഖ്യാപിക്കണമെന്നും ജസീറ നേരത്തെ പറഞ്ഞിരുന്നു.
തന്നെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ചിറ്റിലപ്പള്ളിക്കെതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയും ജസീറ പിന്‍വലിച്ചിട്ടുണ്ട്.
ചിറ്റിലപ്പള്ളിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച്ച മുതല്‍ പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ ജസീറ കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു.
ഇതിനിടെ ജസീറയുടെ മക്കളെ ശിശുക്ഷേമസമിതി അധികൃതരെത്തി കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. കുട്ടികളെ കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനില്‍ വച്ച് പോലീസ് അസഭ്യവര്‍ഷം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ജസീറ ആരോപിച്ചു.
എന്നാല്‍ ജസീറയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും സുരക്ഷ മുന്‍നിര്‍ത്തി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതാണ് എന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്ന സാമൂഹികപ്രവര്‍ത്തക മേരിയുടെ പരാതിയെത്തുടര്‍ന്നാണ് കുട്ടികളെ ശിശുക്ഷേമ ഓഫീസിലേക്ക് മാറ്റിയത്.
ഇതിനിടെ ജസീറ പോലീസിന്റെ പിടിയില്‍ നിന്ന് കുതറിയോടുകയും ചെയ്തിരുന്നു.
എല്‍.ഡി.എഫ് സമരത്തിനെതിരെ രംഗത്തെത്തിയ സന്ധ്യക്ക് പാരിതോഷികം നല്‍കുന്നതിനൊപ്പം ജസീറക്ക് നല്‍കാനാണ് തീരുമാനിച്ചതെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ ജസീറ വിസ്സമ്മതിക്കുകയായിരുന്നു.
തുടര്‍ന്നാണ് ചിറ്റിലപ്പള്ളി പാരിതോഷികം പിന്‍വലിക്കുന്നതായും സാമൂഹികക്ഷേമവകുപ്പിന്റെ താലോലം പദ്ധതിക്ക് നല്‍കുന്നതായും പ്രഖ്യാപിച്ചത്.