ജസീറയുടെ മക്കളെ ശിശുക്ഷേമ സമിതി വിട്ടുകൊടുത്തു
Kerala
ജസീറയുടെ മക്കളെ ശിശുക്ഷേമ സമിതി വിട്ടുകൊടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2014, 6:00 am

[]കൊച്ചി: മണല്‍ മാഫിയക്കെതിരെ സമരം ചെയ്ത കണ്ണൂര്‍ സ്വദേശിനി ജസീറയുടെ മക്കളെ ശിശുക്ഷേമ സമിതി വിട്ടുകൊടുത്തു.

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നില്‍ സമരം നടത്തവേയാണ് ജസീറയുടെ മക്കളെ ശിശുക്ഷേമ സമിതി കൊണ്ടു പോയത്.

ജസീറയുടെ സമരങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം ഹനിയ്ക്കുന്നു എന്ന വാദവുമായാണ് ശിശുക്ഷേമ സമിതി കുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോയത്.

തുടര്‍ന്ന് കുട്ടികളെ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേയ്ക്കും അവിടെ നിന്ന് യതീംഖാനയിലേയ്ക്കും മാറ്റുകയായിരുന്നു. തന്റെ കുട്ടികളെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കാക്കനാട്ട് സമിതി ഓഫീസിനു മുമ്പില്‍ ജസീറ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

കുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോയ ശിശുക്ഷേമ സമിതിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് തിരുവന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ജസീറ അറിയിച്ചു.

തനിക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ നല്‍കുകയോ നല്‍കില്ലെന്ന് പ്രഖ്യാപിയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജസീറ ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

അവിടെ വച്ചാണ് പോലീസിന്റെ സഹായത്തോടെ ശിശുക്ഷേമ സമിതി ജസീറയുടെ കുട്ടികളെ കൊണ്ടു പോയത്.

അതേ സമയം മാതാപിതാക്കള്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ കുട്ടികളെ യതീംഖാനയിലേയ്ക്ക് മാറ്റിയ നടപടി ശരിയല്ലെന്ന് ജസീറ പറഞ്ഞു. സമരത്തിന് കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് എഴുതിക്കൊടുക്കാന്‍ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും ജസീറ കൂട്ടിച്ചേര്‍ത്തു.

കുട്ടികളെയും കൊണ്ട് ജസീറ ഇന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് സൂചന.