| Friday, 19th July 2019, 4:32 pm

ത്രിപുരയില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് എം.പി; അമിത്ഷായുടെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് ജര്‍ണാ ദാസ് ഇതൊക്കെയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിവേദനം നല്‍കാന്‍ വന്ന തന്നെ അമിത്ഷാ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തിയതിലൂടെ സി.പി.ഐ.എം രാജ്യസഭ എം.പി ജര്‍ണാദാസ് രാജ്യമൊട്ടാകെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബി.ജെ.പി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അക്രമം അഴിച്ചുവിടുന്നെന്ന് കാണിച്ച് നിവേദനം നല്‍കാനെത്തിയപ്പോഴാണ് ഷാ ജര്‍ണാദാസിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ താന്‍ കാണാന്‍ വന്നത് ബി.ജെ.പിയുടെ ദേശീയാധ്യക്ഷനെയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണ് എന്നായിരുന്നു തന്റെ മറുപടിയെന്നും അവര്‍ പറഞ്ഞു.

ത്രിപുരയില്‍ നിന്നുള്ള ആദ്യ ദളിത് രാജ്യസഭ എം.പിയാണ് ജര്‍ണാ ദാസ്. എതിരില്ലാതെയാണ് ജര്‍ണാ ദാസ് തെരഞ്ഞെടുക്കപ്പെട്ടത്. 2010ലായിരുന്നു അത്. അതിന് ശേഷം 2016ല്‍ വീണ്ടും രാജ്യസഭ എം.പിയായി.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതാ എം.പിയുമാണ് ജര്‍ണ. സി.പി.ഐ.എം സംസ്ഥാന സമിതി അംഗമാണ് ജര്‍ണാദാസ്. എം.പിയാവുന്നതിന് മുമ്പ് സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പ് ചെയര്‍പേഴ്‌സണായിരുന്നു ജര്‍ണാ. സി.പി.ഐ.എംന് ത്രിപുരയില്‍ ഉള്ള ഏക എം.പിയാണ് ജര്‍ണാ ദാസ്.

ബുധനാഴ്ചയാണ് തൃപുരയില്‍നിന്നുള്ള ജര്‍ണാ ദാസ് അമിത് ഷായെ കാണാനെത്തിയത്. എന്തിനാണ് നിങ്ങള്‍ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുന്നത്? ആ പാര്‍ട്ടി തീര്‍ന്നുകഴിഞ്ഞു. വരൂ, വന്ന് ബി.ജെ.പിയില്‍ ചേരൂ’, എന്നായിരുന്നു അമിത് ഷാ ജര്‍ണാ ദാസിനോട് പറഞ്ഞത്.

‘നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രായയതുകൊണ്ടാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്. അല്ലാതെ, ബി.ജെ.പിയുടെ ദേശീയാധ്യക്ഷനെ കാണാന്‍ വന്നതല്ല. സി.പി.ഐ.എമ്മിലെ അവസാന ആളും പാര്‍ട്ടിയിലുണ്ടാകുന്നതുവരെ ഞാനും ഉണ്ടാകും. നിങ്ങളുടെ ആശയവുമായി എനിക്ക് യാതൊരു യോജിപ്പുമില്ല’, ജര്‍ണാദാസിന്റെ മറുപടി ഇങ്ങനെയായിരുന്നു.

We use cookies to give you the best possible experience. Learn more