ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം: ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടാമത്തേത്
National
ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം: ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടാമത്തേത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2018, 4:45 pm

റാഞ്ചി: നാലു ദിവസം ഭക്ഷണം കഴിക്കാതിരുന്ന സ്ത്രീ പട്ടിണി കിടന്നു മരിച്ചു. ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയിലാണ് നാല്‍പ്പത്തഞ്ചുകാരി മീന മുസാഹര്‍ ഭക്ഷണം ലഭിക്കാതെ മരിച്ചത്. മകനോടൊപ്പം പഴയ വസ്ത്രങ്ങളും വസ്തുക്കളും ശേഖരിക്കുന്ന ജോലി ചെയ്യുന്ന മീനയെ തിങ്കളാഴ്ച രാവിലെയാണ് ഇത്ഖോരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരിച്ചനിലയില്‍ പ്രവേശിപ്പിച്ചത്.

മീനയും മകന്‍ ഗൗതം മുസാഹറും കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നില്ല. നാലു ദിവസങ്ങളായി തങ്ങളുടെ പക്കല്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ലെന്നും അമ്മയുടെ ആരോഗ്യസ്ഥിതി വഷളായിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഗൗതം പറയുന്നു. ഗൗതം അമ്മയെ തോളിലേറ്റി ആശുപത്രിയില്‍ കൊണ്ടുവരുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ പട്ടിണിമരണമാണ് മീനയുടേത്. റാഞ്ചിയില്‍ നിന്നും നൂറു കിലോമീറ്ററകലെ ഗിരിധില്‍ അന്‍പത്തെട്ടുകാരിയായ സാവിത്രി ദേവി സമാന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സാവിത്രിക്ക് റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്കെത്തിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ALSO READ: രാമക്ഷേത്രം നിര്‍മിച്ച് നല്‍കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കും: അയോധ്യയിലെ സന്യാസി

ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നോയെന്ന് കണ്ടെത്താനും, ഔദ്യോഗികമായി കാര്‍ഡിനപേക്ഷിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനും ദുംരി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ രാഹുല്‍ ദേവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു.

“പ്രാഥമിക പരിശോധനയില്‍ സാവിത്രിദേവിയുടെ വീട്ടില്‍ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് റേഷന്‍ കാര്‍ഡും ഉണ്ടായിരുന്നില്ല. അപേക്ഷ സമര്‍പ്പിച്ചിരുന്നോയെന്നും, ഉണ്ടെങ്കില്‍ അത് പരിഗണിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും അന്വേഷിക്കും.”-രാഹുല്‍ ദേവ് പറഞ്ഞു.

സാവിത്രിദേവി, രണ്ടു മരുമക്കള്‍, നാലു പേരക്കുട്ടികള്‍ എന്നിവര്‍ മൂത്തമകന്റെ തുച്ഛമായ ശമ്പളത്തിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ വിധവാ പെന്‍ഷന് അര്‍ഹയായിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് മുഖ്യന്‍ രാംപ്രസാദ് മഹാതോയും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസങ്ങളിലായി ആധാര്‍ രേഖകള്‍ കൃത്യമായി സാക്ഷ്യപ്പെടുത്താനാവാത്ത കാരണത്താല്‍ അര്‍ഹമായ റേഷന്‍ ലഭിക്കാതെ 6 പേരാണ് ജാര്‍ഖണ്ഡില്‍ മരിച്ചിട്ടുള്ളത്.

WATCH THIS VIDEO: