വാഷിംഗ്ടണ്‍: മുന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവും ട്രംപിന്റെ മരുമകനുമായ ജാരദ് കുഷ്ണറിനെ സമാധാന നൊബേലിന് വേണ്ടി നാമനിര്‍ദേശം ചെയ്തു. ഇസ്രഈലും, അറബ് രാഷ്ട്രങ്ങളും തമ്മില്‍ ചരിത്രപരമായ സമാധാനകരാര്‍ പ്രായോഗികമാക്കിയതിനാണ് അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്.
കുഷ്ണറിന്റെ തന്നെ ഡെപ്യൂട്ടി ഉദ്യോഗസ്ഥനായ അവി ബെര്‍ക്കോവിറ്റ്‌സിനെയും സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കയുടെ പ്രതിനിധിയായിരുന്നു കുഷ്ണര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുമായാണ് ഇസ്രഈല്‍ സമാധാന കരാറില്‍ ഒപ്പുവെച്ചത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെ പേരും സമാധാന നൊബേലിന് പരിഗണിക്കുന്നുണ്ട്. അലന്‍ ദല്‍കോവിഷാണ് ട്രംപിന്റെ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെ പേര് നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷം ട്രംപിനെതിരായി ഇംപീച്ച്‌മെന്റ് നടപടികള്‍ വന്നപ്പോള്‍ അലന്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി, ലോകാരോഗ്യ സംഘടന, പരിസ്ഥിതി പ്രവര്‍ത്ത ഗ്രേറ്റ തുന്‍ബര്‍ഗ് എന്നിവരുടെ പേരുകളും സമാധാന നൊബേലിന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശമാറുന്ന ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ സെപ്തംബറിലാണ് അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്‌റൈനും ഇസ്രഈലുമായി ഒപ്പുവെച്ചത്.
സമാധാന ഉടമ്പടിയില്‍ ദശാബ്ദ്ങ്ങളായുള്ള ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിനും വഴിവെച്ചിരുന്നു.