ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരം അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഡി.എല്‍.എസ് നിയമപ്രകാരം രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തിനിടെ മഴയെത്തുകയും കളി പുനരാരംഭിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെയാണ് ഡക്ക്‌വര്‍ത്ത് – ലൂയീസ് – സ്‌റ്റേണ്‍ നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബുംറ പുറത്തെടുത്തത്. ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ തീ തുപ്പിയ ബുംറ എതിരാളികളെ ഒന്നടങ്കം വരിഞ്ഞുമുറുക്കി.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി വഴങ്ങേണ്ടി വന്നെങ്കിലും തൊട്ടടുത്ത പന്തില്‍ വിക്കറ്റ് വീഴ്ത്തിയാണ് ബുംറ തന്റെ മാജിക്കിന് തുടക്കമിട്ടത്. ഓവറില്‍ മറ്റൊരു വിക്കറ്റ് കൂടി വീഴ്ത്തിയ ബുംറ വീണ്ടും അയര്‍ലന്‍ഡിന് തലവേദന സൃഷ്ടിച്ചു.
ആന്‍ഡ്രൂ ബാല്‍ബിര്‍ണിയെ നാല് റണ്‍സിന് മടക്കിയ ബുംറ ലോര്‍കന്‍ ടക്കറിനെ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് ബ്രോണ്‍സ് ഡക്കായും മടക്കി. 4, W, 0, 0, W, 0 എന്നിങ്ങനെയാണ് ബുംറ ആദ്യ ഓവറില്‍ പന്തെറിഞ്ഞത്.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ബൂം ബൂം 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ഏറെ കാലത്തെ പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ബുംറയെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
ബുംറയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിക്കൊണ്ട് മത്സരത്തിലെ താരമായി തെരഞ്ഞെടുത്തും ബുംറയെ തന്നെയായിരുന്നു.
ഈ നേട്ടത്തിന് പിന്നാലെ ഒരു റെക്കോഡും ബുംറയെ തേടിയെത്തിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഇടം നേടിയാണ് ബുംറ കയ്യടിയേറ്റുവാങ്ങുന്നത്. ബുംറയടക്കം നാല് താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
രോഹിത് ശര്‍മ (5 തവണ), വിരാട് കോഹ്‌ലി (3 തവണ), സുരേഷ് റെയ്‌ന (ഒരു തവണ), ജസ്പ്രീത് ബുംറ (ഒരു തവണ) എന്നിവരാണ് ടി-20യില്‍ മാന്‍ ഓഫ് ദി മാച്ച് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.
ഈ ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ അന്വേഷിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ ആണ്. ഇന്ത്യക്ക് ടി-20 ലോകകപ്പ് നേടിക്കൊടുത്ത ധോണിക്ക് ക്യാപ്റ്റന്‍ എന്ന നിലയില്‍ ടി-20യില്‍ ഒരു മാന്‍ ഓഫ് ദി മാച്ച് പോലും ഇല്ല എന്ന വാര്‍ത്ത ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.
അതേസമയം, ആദ്യ മത്സരം വിജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. വിന്‍ഡീസ് പര്യടനത്തിലെ പരമ്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ തന്നെയാകും ഇന്ത്യയൊരുങ്ങുന്നത്.
ഓഗസ്റ്റ് 20നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഡബ്ലിനിലെ ദി വില്ലേജ് തന്നെയാണ് വേദി.
Content Highlight: Japrit Bumrah won player of the award in Ind vs Ire 1st T20