| Friday, 15th December 2017, 10:47 am

യു.പിയില്‍ വിദേശ ടൂറിസ്റ്റുകള്‍ക്കെതിരായ ആക്രമണം തുടരുന്നു; ഇത്തവണ ഇരയായത് ജപ്പാന്‍ പൗരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയില്‍ വിദേശ ടൂറിസ്റ്റുകള്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥയാകുന്നു. ജാപ്പനീസ് പൗരനാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.

ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും അക്രമികള്‍ പാസ്‌പോര്‍ട്ടും പണവും അപഹരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വാരാണസിയില്‍ വെച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തെ ആക്രമിച്ചത്.

തന്റെ കൈവശമുണ്ടായിരുന്ന പണവും ക്യാമറും മൊബൈലും പാസ്‌പോര്‍ട്ടും വിസയും മറ്റ് രേഖകളുമെല്ലാം അക്രമികള്‍ അപഹരിച്ചതായി ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു യു.പിയിലെ മിര്‍സാപൂരില്‍ വെച്ച് ഫ്രഞ്ച് പൗരന്‍മാരെ ഒരു സംഘം ആക്രമിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റവരാണ് മിര്‍സാപൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൊന്‍ബാന്ദ്ര ജില്ലയില്‍വെച്ച് ജര്‍മന്‍ പൗരന് നേരേയും ആക്രമണം നടത്തിയിരുന്നു. ഒക്ടോബര്‍ 26 ന് ഫത്തേപൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയ സ്വിസ് ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണവും ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ കളങ്കം ചാര്‍ത്തിയിരുന്നു.

സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സുഷ്മ സ്വരാജ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.പിയില്‍ വിദേശടൂറിസ്റ്റുകള്‍ക്കെതിരായ ആക്രണമണം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more