ടോക്കിയോ: സ്വവര്‍ഗ ദമ്പതികള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ പിരിച്ചുവിട്ടു. എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ടവരെ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു സെക്രട്ടറിയായ മസയോഷി അരായിയുടെ പ്രതികരണം. ജപ്പാനിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.
വാര്‍ത്ത പ്രചരിച്ചതോടെ അരായിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ ഉത്തരവ് പ്രധാനമന്ത്രി പുറത്തുവിട്ടിരിക്കുന്നത്.
വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ നിലപാടിനോട് തികച്ചും വിപരീതമാണ് അരായിയുടെ പ്രതികരണം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വ്യക്തമാക്കി.
തനിക്ക് ഒരു സ്വവര്‍ഗ ദമ്പതികളുടെ അയല്‍വാസിയായി താമസിക്കേണ്ടെന്നും അവരെ കാണുന്നത് പോലും ഇഷ്ടമല്ലെന്നുമായിരുന്നു അരായിയുടെ പരാമര്‍ശം.
ഇത് വിവാദമായതോടെ ക്ഷമാപണവുമായി അരായ് രംഗത്തെത്തിയിരുന്നു. തെറ്റായ വാക്കുകള്‍ ഉപയോഗിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും താന്‍ കാരണം പ്രധാനമന്ത്രിക്ക് പ്രയാസമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും അരായ് പറഞ്ഞു.
ജപ്പാനില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയാല്‍ രാജ്യം വിടുമെന്ന് പറഞ്ഞവര്‍ ചുറ്റുമുണ്ടെന്നും അരായ് പറഞ്ഞു. അതേസമയം ജപ്പാനിലെ ജീവിതരീതിയേയും ഘടനയേയും ബാധിക്കുന്നതിനാല്‍ സ്വവര്‍ഗ വിവാഹത്തെ സംബന്ധിച്ച തീരുമാനം വളരെ ജാഗ്രതയോടെ മാത്രമേ ഉണ്ടാകൂവെന്ന് കിഷിദ അറിയിച്ചു.
കിഷിദയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗങ്ങള്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് എതിര്‍ത്തിരുന്നു.
Content Highlight: japanese prime minister’s aide to leave as his lgbtq remarks created ruckus around