World News
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തലപ്പത്തേക്ക് ജാപ്പനീസ് ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 07, 08:06 am
Friday, 7th March 2025, 1:36 pm

ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജാപ്പനീസ് ജഡ്ജി യുജി ഇവാസാവ. 2027 ഫെബ്രുവരി അഞ്ച് വരെയാണ് ഇവാസാവയുടെ കാലാവധി. മുന്‍ ജഡ്ജി നവാഫ് സലാം രാജിവെച്ചതോടെയാണ് നേതൃപദവിയില്‍ മാറ്റമുണ്ടായത്.

യുജി ഇവാസാവ ടോക്കിയോ സര്‍വകലാശാലയിലെ അന്താരാഷ്ട്ര-നിയമ പ്രഫസറായിരുന്നു. ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.

2018 ജൂണ്‍ മുതല്‍ ഇവാസാവ ഐ.സി.ജെയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.സി.ജെ പ്രസിഡന്റാകുന്ന രണ്ടാമത്തെ ജാപ്പനീസ് വ്യക്തിയാണ് ഇവാസാവ. ആദ്യം ഈ സ്ഥാനത്തെത്തിയത് ഹിസാഷി ഒവാഡ എന്ന ജഡ്ജിയാണ്. 2009 മുതല്‍ 2012 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.

Nawaf Salam (prime minister of lebanon)

ഒമ്പത് വര്‍ഷത്തെ കാലാവധിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 ജഡ്ജിമാര്‍ അടങ്ങുന്ന പാനലാണ് ഐ.സി.ജെയുടേത്. ലെബനന്‍ പ്രസിഡന്റ് ജോണ്‍ കൗണ്‍ പ്രധാനമന്ത്രിയായി നവാഫ് സലാമിനെ നിയമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഐ.സി.ജെയില്‍ നിന്ന് രാജിവെച്ചത്.

നിലവില്‍ ഇസ്രഈലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസാണ് പ്രധാനമായും ഐ.സി.ജെയുടെ പരിഗണനയിലുള്ളത്.

വംശഹത്യയില്‍ പങ്കുണ്ടെന്ന് ആരോപിച്ചുള്ള യു.എ.ഇക്കെതിരായ സുഡാന്റെ പരാതി, ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള ലെബനന്റെ പരാതി ഉള്‍പ്പെടെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലുണ്ട്.

2022ലെ മോസ്‌കോ അധിനിവേശവുമായി ബന്ധപ്പെട്ട് ഉക്രൈനും റഷ്യയും തമ്മിലുള്ള കേസും ഐ.സി.ജെ പരിഗണിക്കുന്നുണ്ട്.

1945ലാണ് ഐക്യരാഷ്ട്രസഭയുടെ നീതിന്യായ സ്ഥാപനമായ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് സ്ഥാപിതമായത്. നെതര്‍ലാന്‍ഡ്സിലെ ഹേഗിലാണ് ഐ.സി.ജെയുടെ ആസ്ഥാനം.

Content Highlight: Japanese judge  Yuji Iwasawa to head International Court of Justice