| Friday, 8th June 2018, 10:39 am

മിത്സുബിഷിയുടെ എച്ച്.ആര്‍ തലവന് നേരെ ആക്രമണം; വെടിവെച്ചത് കമ്പനിയില്‍ നിന്നും പുറത്താക്കിയ ആള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുര്‍ഗോണ്‍: ജാപ്പനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ മിത്സുബിഷിയുടെ എച്ച്.ആര്‍ തലവന് നേരെ ആക്രമണം. രാവിലെ ഒന്‍പത് മണിയോടെ മനേസറിലെ ഓഫീസിലേക്ക് കാറില്‍ പോകുകയായിരുന്ന ബിനേഷ് ശര്‍മയ്ക്ക് നേരെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്.

കമ്പനിയില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണ് ഇയാള്‍ക്ക് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ശര്‍മയുടെ കാറിന് പിറകെ എത്തിയ സംഘം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശര്‍മ ഇതിന് തയ്യാറായില്ല. ഇതിന് പിന്നാലെയായിരുന്നു ഇവര്‍ ശര്‍മയ്ക്ക് നേരെ വെടിയുതിര്‍ത്തത്.


Dont Miss രാജ്യസഭ സീറ്റിനായി കേരള കോണ്‍ഗ്രസിനുള്ളിലും ഭിന്നത; തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ജോസഫ് ഗ്രൂപ്പ്


കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നിറയൊഴിച്ചതെന്ന് ഗുര്‍ഗോണ്‍ പൊലീസ് പി.ആര്‍.ഒ രവീന്ദര്‍ കുമാര്‍ പറയുന്നു. തലയില്‍ വെടിവെക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ വണ്ടി നിര്‍ത്താതെ മുന്നോട്ട് എടുത്തതിനാല്‍ ലക്ഷ്യം തെറ്റി ദേഹത്തിന്റെ പിറക് വശത്ത് പതിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

രണ്ട് വെടിയുണ്ടകള്‍ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ശര്‍മയെ സംഭവസ്ഥലത്തുള്ളവര്‍ റോക്ക്‌ലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശര്‍മ അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ജോഗീന്ദര്‍ എന്നയാളാണ് വെടിവെച്ചതെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more