മൂന്നു ദശാബ്ദക്കാലത്തെ ഭരണത്തിനുശേഷം ജാപ്പനീസ് ചക്രവര്‍ത്തി ഇന്ന് സ്ഥാനമൊഴിയും; സ്ഥാനത്യാഗം ജാപ്പനീസ് ചരിത്രത്തില്‍ അപൂര്‍വം
World News
മൂന്നു ദശാബ്ദക്കാലത്തെ ഭരണത്തിനുശേഷം ജാപ്പനീസ് ചക്രവര്‍ത്തി ഇന്ന് സ്ഥാനമൊഴിയും; സ്ഥാനത്യാഗം ജാപ്പനീസ് ചരിത്രത്തില്‍ അപൂര്‍വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 7:48 am

ടോക്യോ: രണ്ടു നൂറ്റാണ്ടിനുശേഷം ആദ്യമായി ഒരു ജാപ്പനീസ് ചക്രവര്‍ത്തി ഇന്ന് അധികാരം വെച്ചൊഴിയും. തന്റെ മൂത്ത മകനുവേണ്ടിയാണ് അധികാരം വെച്ചൊഴിയാന്‍ ജാപ്പനീസ് ചക്രവര്‍ത്തി അകിഹിതോ തയ്യാറായിരിക്കുന്നത്.

കഴിഞ്ഞ മൂന്നു ദശാബ്ദക്കാലം ജപ്പാനെ നയിച്ചതിനു ശേഷമാണ് അകിഹിതോയുടെ സ്ഥാനമൊഴിയല്‍. എന്നാല്‍ ഈ അപൂര്‍വതയൊന്നും തന്റെ വിടവാങ്ങല്‍ ചടങ്ങിലേക്കു കൊണ്ടുവരാന്‍ അകിഹിതോ തയ്യാറല്ല. കൊട്ടാരത്തിലെ ഹാള്‍ ഓഫ് പൈനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് വെറും 300 പേര്‍ മാത്രമാണ്.

സ്ഥാനത്യാഗം ചെയ്യാന്‍ അനുവദിക്കുന്ന ബില്‍ ജാപ്പനീസ് മന്ത്രിസഭ 2017-ല്‍ അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ച് മൂന്നുവര്‍ഷത്തിനകമാണു സ്ഥാനമൊഴിയാന്‍ അവസരമുള്ളത്. ചക്രവര്‍ത്തിയുടെ സ്ഥാനത്യാഗം ജപ്പാന്റെ ചരിത്രത്തില്‍ അസാധാരണ പ്രവൃത്തിയായതിനാലാണ് ബില്‍ വേണ്ടിവന്നത്. എന്നാല്‍ ഈ നിയമം അകിഹിതോയുടെ കാര്യത്തില്‍ മാത്രമേ ബാധകമാവൂ. പിന്‍ഗാമികളുടെ കാര്യത്തില്‍ ബാധകമല്ല.

1817-ലാണ് ഇതിനുമുന്‍പ് ഒരു ചക്രവര്‍ത്തി സ്ഥാനമൊഴിഞ്ഞത്. ചക്രവര്‍ത്തിപദവി ആജീവനാന്തമുള്ളതാണെന്നാണ് ജാപ്പനീസ് ജനതയുടെ വിശ്വാസം.

59-കാരനായ രാജകുമാരന്‍ നരുഹിതോയാണ് അകിഹിതോയുടെ പിന്‍ഗാമി.

85-കാരനായ അകിഹിതോയുടെ പിതാവ് ഹിരോഹിതോ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ നയിച്ചയാളാണ്.