| Friday, 30th August 2019, 5:47 pm

ടൊയോട്ടക്കും ഹ്യൂന്‍ഡായ്ക്കും രക്ഷയില്ല; ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓട്ടോമൊബൈല്‍ വ്യവസായ മേഖലയിലാണ് ഇത് ആദ്യം പ്രകടമായത്. പിന്നീട് മറ്റ് മേഖലകളില്‍ നിന്നും പ്രതിസന്ധിയുടെ വാര്‍ത്തകള്‍ വന്നു.

ഇപ്പോഴത്തെ മാന്ദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയൊട്ടയ്ക്കും ഹ്യൂന്‍ഡായ്ക്കും കഴിഞ്ഞില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തൊഴില്‍ സമയം വെട്ടിക്കുറക്കാനും തൊഴിലാളികളെ ഒഴിവാക്കാനും കൂടുതല്‍ കമ്പനികള്‍ തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആഗസ്ത് 16നും 17നും ബെംഗളൂരുവിലെ പ്ലാന്റിലെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ടൊയോട്ട നിര്‍ദേശിച്ചിരുന്നു. ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നും നിലവില്‍ 7000 വാഹനങ്ങള്‍ സ്‌റ്റോക്കുള്ളതിനാലും ഈ ദിവസങ്ങളില്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാനാണ് ആഗസ്ത് 13ന് ടൊയോട്ട നല്‍കിയ നോട്ടീസില്‍ പറയുന്നത്.

കയ്യിലുള്ള വാഹനങ്ങള്‍ അധികമാവാതിരിക്കാന്‍ ആഗസ്ത് മാസത്തില്‍ അഞ്ച് ദിവസം നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടി വന്നതായി ടൊയോട്ട ഇന്ത്യ എം.ഡി എന്‍.രാജ പറഞ്ഞു.വ്യവസായത്തെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഹ്യൂന്‍ഡായ്ക്കും ആഗസ്ത് മാസത്തില്‍ പല ദിവസങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. അടുത്ത മാസം ഉത്സവ സീസണായതിനാല്‍ കച്ചവടം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി ഇത് വരെ തൊഴിലാളികളെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more