ടോകിയോ: വാക്‌സിനില്‍ അന്യ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മില്യണിലധികം ഡോസ് വാക്‌സിനുകള്‍ വീണ്ടും തിരിച്ചു വിളിച്ച് ജപ്പാന്‍. മൊഡേണ കൊവിഡ് വാക്‌സിനിലാണ് സംശയാസ്പദമായ രീതിയിലുള്ള പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.
ജപ്പാനിലെ ഗുന്‍മ പ്രവിശ്യയിലും ഒക്കിനാവയില്‍ നിന്നുമാണ് വാക്‌സിന്‍ കണ്ടാമിനേഷനെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇതിനോടകം തന്നെ 1.63 മില്യണ്‍ ഡോസ് വാക്‌സിനുകള്‍ കഴിഞ്ഞ ആഴ്ചകളിലായി ജപ്പാന്‍ പിന്‍വലിച്ചിട്ടുണ്ട്..
ഗുന്‍മ പ്രവിശ്യയില്‍ വിതരണം ചെയ്ത വാക്‌സിന്‍ ബോട്ടിലിനുള്ളില്‍ ചെറിയ കറുത്ത പദാര്‍ത്ഥങ്ങളാണ് കണ്ടത്തെിയത്. ഒക്കിനാവയില്‍ സിറിഞ്ചിനുള്ളിലും ബോട്ടിലുകള്‍ക്കുള്ളില്‍ നിന്നും കറുപ്പ്, പിങ്ക് നിറമുള്ള പദാര്‍ത്ഥങ്ങള്‍ കലര്‍ന്നതായുമാണ് റിപ്പോര്‍ട്ട്.
മൊഡേണ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജപ്പാനില്‍ മൊഡേണ വാക്‌സിനുകളുടെ ഉപയോഗം നിര്‍ത്തി വെച്ചിരുന്നു.
സുരക്ഷാപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് തങ്ങള്‍ വാക്‌സിന്‍ തിരിച്ചു വിളിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. മരണങ്ങളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
ഏകദേശം 2.6 മില്യണ്‍ ഡോസ് മൊഡേണ വാക്‌സിനുകളാണ് ജപ്പാനില്‍ വിതരണം ചെയ്തിരുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദം സംഭവിച്ച വൈറസിനെ നേരിടാനായാണ് ജപ്പാന്‍ മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്തത്.
അമേരിക്കയിലെ മസാച്ചുസറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊഡേണ ഐ.എന്‍.സിയാണ് വാക്‌സിന്റെ നിര്‍മാതാക്കള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Japan Withdraws 1 Million More Moderna Shots As Foreign Substances Found