| Monday, 24th July 2023, 8:47 pm

ലോകകപ്പ് കളിക്കാനൊരുങ്ങി ജപ്പാന്‍; 10 രാജ്യങ്ങള്‍ മാത്രം കളിക്കുന്ന കളിയെന്ന് കളിയാക്കിവരേ, ക്രിക്കറ്റ് വളരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പ് കളിക്കാന്‍ തങ്ങളും ഒരു കൈനോക്കുകയാണെന്ന് പ്രഖ്യാപിച്ച് ജപ്പാന്‍. ഐ.സി.സി ടി-20 ലോകകപ്പിന്റെ ഏഷ്യാ പസഫിക് ക്വാളിഫയറിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയാണ് ജപ്പാന്‍ ലോകകപ്പിലേക്ക് മറ്റൊരു അടി കൂടി വെച്ചിരിക്കുന്നത്.

ഏഷ്യാ പസഫിക് ക്വാളിഫയറിലെ രണ്ടാം മത്സരവും ജയിച്ചാണ് കുഞ്ഞന്‍മാര്‍ കരുത്ത് കാട്ടിയിരിക്കുന്നത്. പപ്പുവ ന്യൂ ഗിനിയ, വന്വാട്ടു, ഫിലിപ്പൈന്‍സ് എന്നിവരടങ്ങിയ ക്വാളിഫയറില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരാണ് സാമുറായികള്‍.

ആദ്യ മത്സരത്തില്‍ ഫിലിപ്പൈന്‍സിനെ 53 റണ്‍സിനാണ് ജപ്പാന്‍ പരാജയപ്പെടുത്തിയത്. കെന്‍ഡല്‍ കഡോവാകി ഫ്‌ളെമിങ്ങിന്റെയും ലാച്‌ലന്‍ യമാമോട്ടോ ലാക്കെയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് ജപ്പാന്‍ സ്വന്തമാക്കിയത്.

ഫ്‌ളെമിങ് 37 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ യാമമോട്ടോ 44 പന്തില്‍ 41 റണ്‍സും നേടി.

167 റണ്‍സ് ചെയ്‌സ് ചെയ്കിറങ്ങിയ ഫിലിഫൈന്‍സ് 113 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ ജപ്പാന്‍ ആദ്യ ജയം സ്വന്തമാക്കി.

കഴിഞ്ഞ ദിവസം പപ്പുവാ ന്യൂ ഗിനയയിലെ അമിനി പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് ജപ്പാന്‍ വന്വാട്ടുവിനെ തോല്‍പിച്ചുവിട്ടത്.

മത്സരത്തില്‍ ടോസ് നേടിയ വന്വാട്ടു ജപ്പാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ കഡോവാക്കി ഫ്‌ളെമിങ്ങിന്റെ അര്‍ധ സെഞ്ച്വറി വീണ്ടും ജപ്പാന് തുണയായി. 54 പന്തില്‍ നിന്നും 65 റണ്‍സാണ് താരം നേടിയത്.

20 പന്തില്‍ നിന്നും 20 റണ്‍സുമായി ഇബ്രാഹിം തകഹാഷിയും 18 പന്തില്‍ 19 റണ്‍സുമായി സബൗരിഷ് രവിചന്ദ്രനും തങ്ങളാലാവുന്ന സംഭാവന നല്‍കിയതോടെ ജപ്പാന്‍ പൊരുതാവുന്ന സ്‌കോറിലെത്തി. 19.4 ഓവറില്‍ 131 റണ്‍സിന് ജപ്പാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു.

നാല് വിക്കറ്റുമായി നളിന്‍ നിപികോയും മൂന്ന് വിക്കറ്റുമായി പാട്രിക് മതൗറ്റാവയുമാണ് ജപ്പാന്റെ ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വന്വാട്ടുവിനും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ വന്വാട്ടുവിന് സാധിച്ചില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 110 എന്ന നിലയില്‍ സാമുറായ്‌സ് എതിരാളികളെ തടത്തുനിര്‍ത്തി.

മൂന്ന് വിക്കറ്റുമായ റയാന്‍ ഡ്രേക്കും രണ്ട് വിക്കറ്റുമായി പിയൂഷ് കുംഭാരെയും തിളങ്ങി. റിയോ സാകുര്‍ണോ തോമസ്, ഡെക്ലാന്‍ മക്കോംബ്, ഇബ്രാഹിം തകഹാഷി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

ചൊവ്വാഴ്ച പപ്പുവ ന്യൂ ഗിനിയക്കെതിരെയാണ് ജപ്പാന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിന് അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കുമെന്നിരിക്കെ എല്ലാ മത്സരത്തിലും വിജയം മാത്രമാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്.

Content Highlight: Japan with second win in ICC T20 Asia Pacific Qualifiers

We use cookies to give you the best possible experience. Learn more