| Saturday, 6th July 2024, 5:17 pm

യു.എസ് സൈനികരുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കും; ജപ്പാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: അമേരിക്കൻ സൈനികർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളിൽ കടുത്ത നിലപാടുമായി ജപ്പാൻ. അമേരിക്കൻ സൈനികർ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രാദേശിക അധികാരികളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടതായി ടോക്കിയോ സമ്മതിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. അമേരിക്കൻ സൈനികരുടെ അതിക്രമം തടയണമെന്ന് സർക്കാർ വാഷിങ്‌ടണിനോട് ആവശ്യപ്പെട്ടു.

രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്ന യു.എസ് സൈനിക ഉദ്യോഗസ്ഥർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങൾ പ്രാദേശിക അധികാരികളെ അറിയിക്കാതെ തടഞ്ഞു വെക്കുന്നത് പൂർണമായും നിർത്തുമെന്ന് അധികാരികൾ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ജപ്പാൻ വിദേശകാര്യ മന്ത്രി യോക്കോ കാമിവാക നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങൾ നടക്കുന്നത് തടയുമെന്നും അവർ കൂട്ടിച്ചേർത്തു. സൈനികർ നടത്തിയ അതിക്രമത്തിൽ കാമിവാക തന്റെ ദുഃഖം പ്രകടിപ്പിച്ചു.
അമേരിക്കൻ സൈനികരുടെ വർധിച്ച് വരുന്ന ലൈംഗികാതിക്രമ കേസുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കാമിവാക.

ഈ വർഷം ഒകിനാവയിൽ യു.എസ് സേനയുടെ അഞ്ച് ലൈംഗികാതിക്രമ കേസുകൾ സ്ഥിരീകരിച്ചതായി ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു. സംഭവങ്ങൾ ജനങ്ങൾക്കിടയിൽ ഉത്കണ്ഠ വർധിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിനെതിരെ ജപ്പാൻ വിദേശകാര്യ മന്ത്രി യോക്കോ കാമിവാകയും പ്രതികരിച്ചിരുന്നു.

‘ഇത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. ഈ സംഭവങ്ങൾ അങ്ങേയറ്റം ഖേദകരമാണ്. ഇരകളെക്കുറിച്ച് ഓർക്കുമ്പോൾ ഒരു വിദേശകാര്യമന്ത്രി എന്ന നിലയിൽ എനിക്ക് വളരെയധികം വേദനയുണ്ട്,’ അവർ പറഞ്ഞു.

അതോടൊപ്പം വിദേശകാര്യമന്ത്രാലയം യു.എസുമായി പ്രവർത്തിക്കുമെന്നും ഇത്തരം സംഭവങ്ങൾ തടയുന്നതിനായി പ്രത്യേകം നടപടികളെടുക്കാൻ അവരോട് ആവശ്യപ്പെടുമെന്നും കാമിവാക കൂട്ടിച്ചേർത്തു.

ഉഭയകക്ഷി സുരക്ഷാ ഉടമ്പടി പ്രകാരം ഏകദേശം 50 ,000 യു.എസ് സൈനികരെ ജപ്പാനിൽ വിന്യസിച്ചിട്ടുണ്ട്. അവരിൽ പകുതിയും ഓകിനോവയിലാണ്.

ഓകിനോവയിലെ ഗവർണർ ടെന്നി തമാക്കി വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മുന്നോട്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാനും പരിക്കേൽപ്പിക്കാനും ശ്രമിച്ചതിന് ഒരു യു.എസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തിരുന്നു. ഇയാളെ മെയ് മാസത്തിൽ അറസ്റ്റ് ചെയ്യുകയും ജൂൺ 17ന് കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മുതിർന്ന യു.എസ് എയർമാൻ ബ്രണ്ണൻ വാഷിങ്ങ്ടണിനെതിരെയും പ്രോസിക്യൂട്ടർമാർ കഴിഞ്ഞ ആഴ്ച കുറ്റം ചുമത്തിയിരുന്നു.

Content Highlight: Japan vows more openness on US military sex crimes

We use cookies to give you the best possible experience. Learn more