ടോക്കിയോ: ചെങ്കടലില്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്ത ഹൂതി വിമതരുമായി നേരിട്ട് സംസാരിക്കുമെന്ന് ജപ്പാന്‍. ഹൂതികള്‍ പിടിച്ചെടുത്ത ഗാലക്‌സി ലീഡറിന്റെ മോചനം ഉറപ്പാക്കാന്‍ ഇസ്രഈലുമായി ചര്‍ച്ച നടത്തുകയാണെന്ന് ജപ്പാന്‍ തിങ്കളാഴ്ച പറഞ്ഞു.
ജപ്പാനീസ് കമ്പനിയുടെ കീഴിലുള്ള കപ്പലിന്റെ സഹ ഉടമസ്ഥരില്‍ ഒരാള്‍ ഇസ്രഈലി പൗരനാണ്. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ഹീനമായ പ്രവര്‍ത്തികള്‍ക്കുള്ള മറുപടിയായാണ് തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കപ്പല്‍ പിടിച്ചെടുത്തതെന്ന് ഹൂതികള്‍ പറഞ്ഞിരുന്നു.
‘ജപ്പാന്‍ ഇസ്രഈലുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഹൂതികളുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കപ്പലിനെയും ക്രൂ അംഗങ്ങളെയും ഉടന്‍ മോചിപ്പിക്കാന്‍ വിമതരെ പ്രേരിപ്പിക്കുന്നതില്‍ പങ്കെടുക്കാന്‍ ഇറാന്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവരുള്‍പ്പടെയുള്ള രാജ്യങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു,’ ജപ്പാന്‍ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ പറഞ്ഞു.
സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട രാജ്യങ്ങളുമായി സഹകരിച്ച് ആവശ്യമായ നടപടികള്‍ തങ്ങളുടെ സര്‍ക്കാര്‍ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പല്‍ തങ്ങളുടെ അല്ലെന്നും അതില്‍ ഇസ്രഈലി പൗരന്മാര്‍ ഇല്ലെന്നും ഇസ്രഈല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പല്‍ ബ്രിട്ടന്റെയും ജപ്പാന്റെയും ഉടമസ്ഥതയിലുള്ളതാണെന്ന് അവര്‍ അവകാശപ്പെട്ടു.
ഉക്രെനിയക്കാര്‍, ബള്‍ഗേറിയക്കാര്‍, ഫിലിപ്പീനികള്‍, മെക്‌സിക്കക്കാര്‍, എന്നിവര്‍ ഉള്‍പ്പെടെ 25 പേര് അടങ്ങുന്ന അന്താരാഷ്ട്ര ജീവനക്കാരാണ് അക്രമ സമയത്ത് കപ്പലിലുണ്ടായിരുന്നതെന്ന് ഇസ്രഈല്‍ പറഞ്ഞു.
CONTENT HIGHLIGHT : Japan seeking talks with Houthi hijackers of Red Sea Israeli-linked ship