ടോക്കിയോ: ജപ്പാനിലെ കുപ്രസിദ്ധ സീരിയല്‍ കില്ലറായ തകഹിരൊ ഷിരാഷി താന്‍ ഒമ്പത് പേരെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ട്വിറ്റര്‍ കില്ലര്‍ എന്നു പറയപ്പെടുന്ന ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ ഇരകളെ കണ്ടെത്തി കൊലപ്പെടുത്തുത്. ടോക്കിയോ കോടതിയില്‍ നടന്ന വിചാരണയിലാണ് ഇയാള്‍ ഇക്കാര്യം സമ്മതിച്ചത്. കൊലാപാതകത്തിനൊപ്പം ബലാത്സംഗക്കുറ്റവും പ്രതിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം കൊലപ്പെടുത്തിയവരെല്ലാം ആത്മഹത്യാ പ്രവണത ഉള്ളവരായിരുന്നെന്നും ഇവരുടെ അനുവാദത്തോടെയാണ് പ്രതി എല്ലാവരെയും കൊന്നതെന്നും തകഹിരോയുടെ അഭിഭാഷകന്‍ വിചാരണ വേളയില്‍ കോടതിയില്‍ വാദിച്ചു. അതേസമയം അഭിഭാഷകന്റെ വാദത്തിനു വിരുദ്ധമായിരുന്നു നേരത്തെ പ്രതി നടത്തിയ വെളിപ്പെടുത്തല്‍. താന്‍ അവരുടെ സമ്മത പ്രകാരമല്ല കൊന്നതെന്നാണ് ജപ്പാനിലെ ഒരു മാധ്യമത്തോട് ഇയാള്‍ മുമ്പ് പറഞ്ഞത്.
ആത്മഹത്യാ പ്രവണത ഉള്ളവര്‍ക്കായി വല വിരിച്ച സീരിയല്‍ കില്ലര്‍
ട്വിറ്ററില്‍ ഹാംഗിംഗ് പ്രോ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതി ആത്മഹത്യ പ്രവണത ഉള്ളവര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ വല വിരിച്ചാണ് തന്റെ ഇരകളെ കണ്ടെത്തിയത്. വേദനിക്കുന്ന ആളുകളെ ഞാന്‍ സഹായിക്കാം, എന്താണെങ്കിലും എനിക്ക് മെസേജ് ചെയ്യൂ എന്നാണ് ഇയാളുടെ ട്വിറ്റര്‍ ബയോ.
ഇരകളെ കൊല്ലുന്നതിനു മുമ്പ് ഇവര്‍ക്ക് മദ്യമോ ഉറക്കുഗുളികയോ നല്‍കും. കൊലപ്പെടുത്തിയ ശേഷം ഇവരുടെ ശരീര ഭാഗങ്ങള്‍ വെട്ടി മുറിച്ച് സൂക്ഷിച്ചു വെക്കും.
മൂന്ന് വര്‍ഷം മുമ്പ് ഒരു 23 കാരിയായ ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. ആത്മഹത്യ ചെയ്യണം എന്ന് ട്വീറ്റ് ചെയ്ത ഈ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഈ കുട്ടിയുടെ ട്വിറ്റര്‍ മെസേജുകള്‍ കണ്ട ഇവരുടെ സഹോദരന് സംശയം തോന്നിയപ്പോഴാണ് അന്വേഷണം തകഹിരോയിലേക്ക് നീങ്ങുന്നത്.