കൂട്ടമായി വസിക്കുന്ന ജീവികള്‍ക്കെല്ലാം ഓരോ നേതാക്കളുണ്ടാകാറുണ്ട്. തേനീച്ചകളിലെ റാണിയെയും ആനക്കൂട്ടങ്ങളിലെ തലവനെയുമൊക്കെ പോലെ. കുരങ്ങുകളുടെ കാര്യവും അങ്ങനെ തന്നെയാണ്. മഞ്ഞുകുരങ്ങുകളുടെ ഒരു കൂട്ടത്തില്‍ അധികാരത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന എല്ലാ ആണ്‍കുരങ്ങുകളെയും കീഴ്പ്പെടുത്തി ഒരു പെണ്‍കുരങ്ങ് സംഘത്തിന്റെ അധികാരം പിടിച്ച വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 677 ഓളം വരുന്ന കുരങ്ങ് സംഘത്തിന്റെ അധികാരം പിടിച്ചെടുത്ത യാക്കി എന്ന ഒമ്പത് വയസ്സുകാരിയായ പെണ്‍കുരങ്ങിനെ കുറിച്ച് കൂടുതലറിയാം.
തെക്കന്‍ ജപ്പാനിലെ ടോക്യോസാക്കിയമ്മയിലെ സുവോളജി പാര്‍ക്കിലാണ് സംഭവം. കുരങ്ങു സംഘത്തിന്റെ ഭരണത്തിലുണ്ടായിരുന്ന ആണ്‍കുരങ്ങുകളെയെല്ലാം ആക്രമിച്ച് അട്ടിമറിയിലൂടെ യാക്കി അധികാരം പിടിച്ചിരിക്കുകയാണ്. സംഘത്തിന്റെ ആദ്യ വനിതാ നേതാവായ യാക്കി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഭരണത്തില്‍ തുടരുകയാണ്.
ആദ്യം സ്വന്തം അമ്മയായ ബേയ്ക്കിയെ തന്നെ ആക്രമിച്ച് തന്റെ കരുത്ത് കാട്ടിയ യാക്കി പിന്നീട് സംഘത്തിന്റെ തലവനായ 31കാരന്‍ നഞ്ചു അടക്കമുള്ള നാല് ആണ്‍കുരങ്ങുകളെ മലര്‍ത്തി അടിച്ചതിനു ശേഷമാണ് ഭരണം പിടിച്ചത്.
ആരാണ് ഗ്രൂപ്പിന്റെ നേതാവെന്നറിയാനായി അധികൃതര്‍ ഒരു പീനട്ട് ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ നഞ്ചു പിണങ്ങുന്നത് കണ്ടപ്പോളാണ് പാര്‍ക്കിലെ റാണി യാക്കി ആണെന്നുറപ്പിച്ചത്. എഴുപത് വര്‍ഷമായുള്ള പാര്‍ക്കിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പെണ്‍കുരങ്ങ് അധികാരത്തിലെത്തുന്നതെന്നും ഇത് അപൂര്‍വമാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇതിനു മുന്‍പ് ടോക്യോയിലെ ഉയിനോ സൂവില്‍ ആണ് ആദ്യമായി പെണ്‍കുരങ്ങ് സംഘത്തിന്റെ നേതാവായതെന്നും പഠനങ്ങള്‍ പറയുന്നു.
മഞ്ഞുകുരങ്ങുകള്‍ക്കിടയില്‍ ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് കൂടുതല്‍ ഭക്ഷണവും ഇണ ചേരാനുള്ള അവസരവും ലഭിക്കും. അധികാരം നേടിയതിന് ശേഷം പരമ്പരാഗതമായി ആണ്‍കുരങ്ങുകള്‍ പ്രകടിപ്പിക്കുന്ന അതേ സ്വഭാവവും രീതിയുമാണ് യാക്കിയും പ്രകടിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഇണച്ചേരല്‍കാലം യാക്കിയുടെ പദവി നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയിലാണ് സൂ അധികൃതര്‍. 18 വയസുള്ള ലഫി എന്ന ആണ്‍കുരങ്ങുമായുള്ള സൗഹൃദം യാക്കിയേ ആപത്തിലേക്കെത്തിക്കുമോ എന്നാണ് ഇവരുടെ സംശയം. എന്തായാലും തന്റെ വാല്‍ പൊക്കി, മരങ്ങളിലെല്ലാം ചാടി ചാടി എല്ലാവരെയും പേടിപ്പിച്ച് വാനരകൂട്ടത്തെ അടക്കി വാഴുകയാണ് യാക്കി റാണി.
Content Highlight: Japan’s monkey queen Yakie’s story