ന്യൂദല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച നടത്താനിരുന്ന ഇന്ത്യയിലേക്കുള്ള യാത്ര ആബെ റദ്ദ് ചെയ്യാന്‍ ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണമാണ് ആബെ യാത്ര മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പുതിയ വിവരങ്ങള്‍ ഒന്നും പങ്കുവെക്കാന്‍ ഇല്ല എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യാഴാഴ്ച ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ആബെയും മോദിയും തമ്മില്‍ ഉച്ചകോടി നടത്താനുള്ള വേദിയായ ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മോദിയും ആബെയും തമ്മിലുള്ള ഉച്ചകോടി ഡിസംബര്‍ 15 നും 17 നും ഇടയില്‍ നടക്കുമെന്ന് കഴിഞ്ഞ ആഴ്ച കുമാര്‍ അറിയിച്ചിരുന്നു. ഉച്ചകോടിയുടെ വേദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഗുവാഹത്തിയില്‍ ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു.