പ്രായമൊക്കെ വെറും നമ്പറല്ലെ; 55ാം വയസിലും ​പ്രൊഫഷണൽ ഫുട്ബോൾ കളിച്ച് ജപ്പാൻ താരം
Football
പ്രായമൊക്കെ വെറും നമ്പറല്ലെ; 55ാം വയസിലും ​പ്രൊഫഷണൽ ഫുട്ബോൾ കളിച്ച് ജപ്പാൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th October 2022, 6:26 pm

ലോകത്തെ ഏറ്റവും പ്രായം കൂടിയ ഫുട്ബോൾ താരമെന്ന റെക്കോഡ് നേടി ജപ്പാൻ താരം കുസുയോഷി മിയൂറ. പ്രൊഫഷണൽ കളിക്കുന്ന താരങ്ങളിൽ പ്രായമേറിയ കളിക്കാരനാണ് മിയൂറ. ജപ്പാൻ ലീഗിൽ സുസുക്ക പോയിന്റ് ഗെറ്റേഴ്‌സിന് വേണ്ടി കളിക്കാനിറങ്ങിയപ്പോൾ താരത്തിന് പ്രായം 55 ആയിരുന്നു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോളർ ,പ്രായം കൂടിയ ഗോൾ സ്കോറർ എന്നീ ഗിന്നസ് റെക്കോർഡുകൾ സ്വന്തം പേരിൽ കൂട്ടിച്ചേർത്ത താരമാണ് ഇദ്ദേഹം. കിങ് കസു എന്നാണ് കുസുയോഷി മിയൂറയുടെ വിളിപ്പേര്.

ഇം​ഗ്ലീഷ് ഫുട്ബോൾ ലെജൻഡായ സർ സ്റ്റാൻലി മാത്യൂസിന്റെ റെക്കോർഡ് തകർത്താണ് മിയൂറയുടെ നേട്ടം. 1982ൽ ബ്രസീലിയൻ ക്ലബ് അത്ലറ്റികോ യുവന്റസിലൂടെ കളി ആരംഭിച്ച മിയൂറ 1986 ൽ സാന്റോസിലൂടെ പ്രൊഫെഷണൽ ഫുട്ബോളിലെത്തുകയായിരുന്നു.

1990ൽ ജപ്പാനിൽ മടങ്ങിയെത്തിയ മിയൂറ 12 ക്ലബ്ബുകൾക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഇറ്റലിയിലെ ജെനോവ, ക്രൊയേഷ്യയിലെ ഡിനാമോ സാഗ്രെബ്, ഓസ്‌ട്രേലിയയിലെ സിഡ്‌നി എഫ്‌.സി എന്നിവക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

ജപ്പാൻ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച മിയൂറ 89 മത്സരത്തിൽ നിന്ന് 55 ഗോളുകൾ നേടി. ക്ലബ് തലത്തിൽ 754 മത്സരത്തിൽ നിന്നും 331 ഗോളുകളും സ്വന്തം പേരിലാക്കി. ഇനിയും കളിക്കളത്തിൽ തുടരുമെന്ന ആത്മവിശ്വാസത്തിലാണ് താരം.

ഏറ്റവും മികച്ച അന്തരീക്ഷത്തിൽ കളിക്കാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, ഒപ്പം അഭിമാനിക്കുകയും ചെയ്യുന്നു. ഈ ഗെയ്മിൽ ചരിത്രം കുറിക്കാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഞാനിനിയും കളി തുടരും, കുസുയോഷി മിയൂറ പറഞ്ഞു.

Content Highlights: Japan player got record for playing professional football in his old age