ന്യൂദല്‍ഹി: ഇന്ത്യയില്‍ ജപ്പാന്‍ വന്‍ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നിക്ഷേപത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സന്ദര്‍ശന വേളയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5 ട്രില്യണ്‍ യെന്‍ (42 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാനുള്ള പദ്ധതി അദ്ദേഹം പ്രഖ്യാപിക്കുമെന്ന് ജപ്പാനിലെ നിക്കി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയുമായുള്ള സുരക്ഷയും സാമ്പത്തിക ബന്ധവും ശക്തമാക്കാനും പ്രധാനമന്ത്രി കിഷിദ ലക്ഷ്യമിടുന്നുണ്ട്.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ 2014-ല്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഞ്ച് വര്‍ഷത്തിനിടെ 3.5 ട്രില്യണ്‍ യെന്‍ നിക്ഷേപവും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു.
ജപ്പാന്‍ ഇന്ത്യയുടെ നഗര അടിസ്ഥാന സൗകര്യ വികസനത്തിനും ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള അതിവേഗ റെയില്‍വേയ്ക്കും പിന്തുണയ്ക്കുന്നുണ്ട്.
ആദ്യമായാണ് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യാ-ജപ്പാന്‍ വാര്‍ഷിക സമ്മേളനിത്തിനാണ് അദ്ദേഹം എത്തുന്നത്.
ഉക്രൈന്‍ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി 2018 ല്‍ ടോക്കിയോയില്‍ വെച്ചാണ് ഇന്ത്യാ-ജപ്പാന്‍ സമ്മേളനം നടത്തിയത്.
ഫെബ്രുവരി 24നാണ് ഉക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയ്ക്ക് മേല്‍ പല തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് എണ്ണ വില വര്‍ധവിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഇന്ധന വിലയിലും കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നു.
Content Highlights: Japan Plans To Invest $42 Billion In India, Prime Ministers Meet Today: Report