Advertisement
World News
കാര്യങ്ങള്‍ കൈവിട്ടു; ഏകാന്തതയ്ക്ക് മന്ത്രിയെ വെച്ച് ജപ്പാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 24, 07:50 am
Wednesday, 24th February 2021, 1:20 pm

ടോക്കിയോ: ഏകാന്തതയ്ക്ക് ഒരു മന്ത്രിയെ നിയമിച്ച് ജപ്പാന്‍. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് പിന്നാലെ ആത്മഹത്യാ നിരക്കുകള്‍ കൂടിയതാണ് പുതിയ വകുപ്പ് സൃഷ്ടിക്കാന്‍ ജപ്പാനെ പ്രേരിപ്പിച്ചത്.

പൗരന്മാരുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുകയാണ് പുതിയ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക പരിപാടികള്‍ ജപ്പാന്‍ ആലോചിച്ച് വരികയാണ്.

ലോക്ക് ഡൗണിന് ശേഷം ജപ്പാനിലെ ആത്മഹത്യാ നിരക്ക് പതിനൊന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ജപ്പാന്‍ പ്രധാനന്ത്രി യോഷിഡേ സുഗ ഏകാന്തതയ്ക്ക് ഒരു മന്ത്രിയെ നിയമിച്ചത്. 2018ല്‍ യു.കെയാണ് ആദ്യമായി ഏകാന്തതയ്ക്ക് മന്ത്രിയെ ചുമതലപ്പെടുത്തുന്നത്.

തെത്ഷുകി സകാമോട്ടോയ്ക്കാണ് ജപ്പാനില്‍ ഏകാന്തത വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

സ്ത്രീകളിലാണ് ആത്മഹത്യാ നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലുള്ളതെന്ന് തെത്ഷുകി പറഞ്ഞു. നേരത്തെ ഇദ്ദേഹത്തിന് പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും ചുമതലയുണ്ടായിരുന്നു.

ജപ്പാനില്‍ 426,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 7577 മരണങ്ങളാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക് ഡൗണും വര്‍ക്ക് ഫ്രം ഹോം കള്‍ച്ചറും ജപ്പാനിലെ ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു.

ലോകത്താകമാനം കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജനങ്ങളുടെ മാനസിക സമ്മര്‍ദ്ദം കൂട്ടാന്‍ ഇടയാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുറം ലോകവുമായി സമ്പര്‍ക്കം നഷ്ടപ്പെട്ടത് അനേകം പേരെ വിഷാദ രോഗത്തിലേക്ക് നയിച്ചുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlight: Japan gets ‘Minister for Loneliness’ after rise in suicides amid Covid-19 pandemic