| Friday, 2nd December 2022, 5:27 pm

മുമ്പ് ഇന്ത്യയോട് തോറ്റ ജപ്പാന്‍ 1992 ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തുടങ്ങുമ്പോള്‍ നമ്മള്‍ ബാബരി മസ്ജിദ് പൊളിക്കുന്ന തിരക്കിലായിരുന്നു

ജാഫര്‍ ഖാന്‍

ഇന്നലെ ജപ്പാന്‍ – സ്‌പെയിന്‍ ലോകകപ്പ് മത്സരത്തിന്റെ ‘തരിപ്പില്‍’ നില്‍ക്കെ ഉണ്ണിയേട്ടന്റെ ‘ തോണ്ടല്‍ ‘. അന്നേരം മനസ്സ് ജക്കാര്‍ത്തയിലേക്ക് പാഞ്ഞു. 1962 ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ (അന്ന് ഏഷ്യന്‍ കപ്പ് ഒന്നും പ്ലാനില്‍ പോലും ഇല്ല). ഇന്ത്യ ജപ്പാനെ നേരിടുന്നു. ബല്‍റാം, പി.കെ.ബാനര്‍ജി എന്നിവരുടെ ഗോളില്‍ വിജയം നേടിയ ഇന്ത്യ ഫൈനല്‍ വരെ എത്തുന്നു.

ജപ്പാനോട് ആദ്യം കളിച്ച പത്ത് കളിയില്‍ ആറും ഇന്ത്യയാണ് ജയിച്ചത്. രണ്ടു സമനിലയും. ഇന്ന് ഓര്‍ക്കുമ്പോള്‍ ‘ വലിവ് ‘ തോന്നാം.

എന്തായാലും ഒരു ലക്ഷം കാണികളും ഒഫീഷ്യല്‍സും എതിരായ അന്നത്തെ ഫൈനലില്‍ ജക്കാര്‍ത്ത സന്യാല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ, ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഏഷ്യന്‍ ചാംപ്യന്‍മാര്‍ ആവുന്നു. എന്തില്‍ ? ഫുട്ബാളില്‍ !

പിന്നെയാണ് ജപ്പാനിലൂടെ, ഇന്ത്യയിലൂടെ കാലത്തിനൊപ്പം നടന്നു നോക്കുന്നത്. ജപ്പാന്‍ എങ്ങനെ ഫുട്‌ബോള്‍ വളര്‍ത്തി ?

1992 – അതുവരെ അമേച്വര്‍ ഫുട്‌ബോള്‍ കളിച്ചിരുന്ന ജപ്പാന്‍ ആദ്യമായി കളിവളര്‍ത്താന്‍ പ്രൊഫഷണല്‍ ലീഗ് തുടങ്ങുന്നത് അന്നാണ്.

അന്നേരം ഇന്ത്യ ബാബരി മസ്ജിദ് പൊളിക്കുന്ന തിരക്കില്‍ ആയിരുന്നു.

1999- നിലവില്‍ തങ്ങള്‍ നടത്തുന്ന ലീഗ് സംവിധാനം ശരിയായ ദിശയില്‍ അല്ലെന്നും തിരുത്ത് വേണമെന്നും ജപ്പാന്‍ തീരുമാനിച്ച വര്‍ഷം. 1997 ല്‍ ജപ്പാനില്‍ സംഭവിച്ച സാമ്പത്തിക തകര്‍ച്ച അവരുടെ ഫുട്‌ബോളിനെയും ബാധിച്ചിരുന്നു. അവര്‍ പ്ലാന്‍ മാറ്റി. 2090 വര്‍ഷത്തോടെ രാജ്യത്ത് 100 പ്രൊഫഷണല്‍ ക്ലബുകള്‍ അതായിരുന്നു പ്ലാന്‍. പ്രൊഫഷണല്‍ ക്ലബ് പട്ടം കിട്ടാന്‍ അവര്‍ മുന്നോട്ട് വെച്ച ആദ്യ നിബന്ധന എന്ത് എന്ന് അറിയുമോ ?

ക്ലബ് ഏത് സ്ഥലത്ത് ആണോ ആ നാട്ടിലെ എല്ലാ ജീവല്‍ പ്രശ്‌നങ്ങളിലും ഇടപെടണം എന്നതായിരുന്നു. 2022 കൊല്ലം എത്തി നില്‍ക്കുമ്പോള്‍ അവര്‍ അത്തരം 62 ക്ലബുകള്‍ സൃഷ്ടിച്ചു.

1999 ല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രധാന വാര്‍ത്ത എന്ത് ? കോയമ്പത്തൂര്‍ കലാപം. അല്‍ ഉമ എന്ന പേര് കേട്ടു. ഒപ്പം നൂറുകണക്കിന് മനുഷ്യര്‍ വര്‍ഗീയ കലാപത്തില്‍ മരിച്ചുവീണു.

2002

1998 ല്‍ മാത്രം ലോകകപ്പ് കളിക്കാന്‍ തുടങ്ങിയ ജപ്പാന്‍, കൊറിയക്ക് ഒപ്പം 2002 ലോകകപ്പിന് ആതിഥേയ്വം വഹിക്കുന്നു. ആ കൊല്ലം ഇന്ത്യ ഗുജറാത്ത് കലാപത്തില്‍ കത്തിയമരുകയായിരുന്നു. മരിച്ചത് ആയിരങ്ങള്‍.

പുതിയ മില്ലേനിയത്തില്‍, 1998 മുതല്‍ 2022 വരെ തുടര്‍ച്ചയായി ജപ്പാന്‍ ലോകകപ്പ് കളിക്കുന്നു. അതില്‍ മൂന്ന് തവണ ക്വാര്‍ട്ടറിന് തൊട്ടടുത്ത് എത്തിയാണ് മടങ്ങിയത്.

ഇന്ത്യയിലോ ? രാജ്യത്തെ വര്‍ഗീയമായി വിഭജിച്ച് എങ്ങനെ അധികാരം നേടാം ? അത് നിലനിര്‍ത്താം എന്ന ‘ പരിപാടി ‘ ഗംഭീരമായി നടക്കുന്നു.

2022

2010, 2014 ലോകകപ്പ് ജേതാക്കള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ജപ്പാന്‍ ഇരുവരെയും തോല്‍പ്പിച്ച് അടുത്ത റൗണ്ടിലേക്ക് കടക്കുന്നു.

ഇന്ത്യയോ ? വൈവിധ്യങ്ങളെ/ ഭാഷകളെ / സംസ്‌കാരങ്ങളെ കൊന്ന് ഹിന്ദുത്വ രാജ്യത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് കയറുന്നു.

ജാഫര്‍ ഖാന്‍

We use cookies to give you the best possible experience. Learn more