| Monday, 4th November 2019, 1:58 pm

കൊറിയന്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയ ജപ്പാന്‍ പട്ടാളം, വിവാദങ്ങള്‍ക്കൊടുവില്‍ 'കംഫര്‍ട്ട് വുമണ്‍' പ്രദര്‍ശനത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കംഫര്‍ട്ട് വുമണ്‍ എന്ന ഡോക്യുമെന്ററിക്ക് ജപ്പാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. ഷുസെന്‍ജൊ; ദ മെയിന്‍ ബാറ്റില്‍ ഗ്രൗണ്ട് ഓഫ് കംഫര്‍ട്ട് വുമണ്‍ ഇഷ്യൂ എന്നു പേരിട്ടിരിക്കുന്ന ഡോക്യമെന്ററി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജപ്പാന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ നിരവധി ലോക സംവിധായകര്‍ രംഗത്തെത്തുകയുമുണ്ടായി.

വെറുമൊരു ഡോക്യുമെന്ററിയല്ല കംഫര്‍ട്ട് വുമണ്‍. ജപ്പാന്‍ മറക്കാനാഗ്രഹിക്കുന്ന, മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ദക്ഷിണകൊറിയന്‍ ജനതയുടെ ഉള്ളിലുള്ള ഉണങ്ങാത്ത ഒരു മുറിവിന്റെ അടയാളപ്പെടുത്തലാണ് കംഫര്‍ട്ട് വുമണ്‍ എന്ന ഡോക്യുമെന്ററി. ആ ചരിത്രം ചികഞ്ഞെടുക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെ തന്നെ ബാധിക്കുമെന്നാണ് ജപ്പാന്‍ ഭയപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1910 ല്‍ ജപ്പാന്‍ കൊറിയ പിടിച്ചടക്കുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊറിയയില്‍ നിന്ന് [ഇന്നത്തെ ദക്ഷിണകൊറിയ]
ഇരുപതിനായിരത്തോളം സ്ത്രീകളെ ജപ്പാന്റെ മിലിട്ടറി ക്യാമ്പുകളിലേക്ക് പിടിച്ചു കൊണ്ടു പോവുകയുണ്ടായി. ഭൂരിഭാഗവും കൊറിയന്‍ സ്ത്രീകളും ബാക്കിയുള്ളവര്‍ തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഇന്ത്യോനേഷ്യ,ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നു.

ലൈംഗിക അടിമകളാക്കപ്പെട്ട ഇവരെ ജപ്പാന്‍ പട്ടാളം വിശേഷിപ്പിച്ചത് കംഫര്‍ട്ടിംഗ് വുമണ്‍ എന്നായിരുന്നു. പട്ടാള ക്യാമ്പിലെ ജോലിക്കാണ് സ്ത്രീകളെ നിയോഗിച്ചതെന്ന് ജപ്പാന്‍ പറഞ്ഞെങ്കിലും അവര്‍ അവിടെ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി.

90 ശതമാനം സ്ത്രീകളും യുദ്ധക്കെടുതിയില്‍ മരണപ്പെടുകയും ചെയ്തു.ഇവിടെ നിന്നും രക്ഷപ്പെട്ട 36 കൊറിയന്‍ സ്ത്രീകളാണ് ദക്ഷിണ കൊറിയയില്‍ ഇപ്പോഴുള്ളത്.

1945 ല്‍ ജപ്പാന്റെ അധീനതയില്‍ നിന്നും കൊറിയ മോചിതമായെങ്കിലും കൊറിയന്‍ ജനത ഇന്നോളം ആ പാതകം മറന്നിട്ടില്ല. ജപ്പാന്‍ ഭരണകൂടം പരസ്യമായി മാപ്പു പറഞ്ഞ് നിയമപരമായ ശിക്ഷയ്ക്ക് വിധേയമാകണമെന്നും തങ്ങള്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ദക്ഷിണകൊറിയയുടെ ആവശ്യം.

അനൗദ്യോഗികമായി ജപ്പാന്‍ ഭരണകര്‍ത്താക്കള്‍ പലപ്പോഴും മാപ്പു പറഞ്ഞിട്ടുമുണ്ട്. 1993 ല്‍ അന്നത്തെ ജപ്പാന്‍ ചീഫ് കാബിനെറ്റ് സെക്രട്ടറിയായ ഫുമിയോ കിഷിബ ഭാഗികമായി കുറ്റസമ്മതം നടത്തിയിരുന്നു. അതിജീവിച്ച സ്രീകളോട് ക്ഷമ ചോദിച്ചു കൊണ്ട് കത്തയക്കുകയുമുണ്ടായി. അക്രമിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ആദര സൂചകമായി ജപ്പാനില്‍ ശിലാപ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

1965ല്‍ 800 മില്യണ്‍ ഡോളറിലധികമാണ് ദക്ഷിണകൊറിയക്ക് നഷ്ടപരിഹാരമായി ജപ്പാന്‍ ഭരണകൂടം നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാം ലോകമഹായുദ്ധ കാലത്ത് നടന്ന ഈ ക്രൂരത തിരശ്ശീലയില്‍ വരുന്നത് ജപ്പാനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്.ഒക്ടോബര്‍ 27 ന് തുടങ്ങിയ കവസാക്കി ഷിന്‍യുരി എന്ന ജപ്പാന്‍ഫിലിം ഫെസ്റ്റിവലിന്റെ അവസാന ദിവസം കംഫര്‍ട്ട് വുമണ്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കസുയ ഷിരഷി ആണ് ഡോക്യമെന്ററിയുടെ സംവിധായകന്‍.

We use cookies to give you the best possible experience. Learn more